‘കാടും കടലും’ പദ്ധതി; കടലോരം സന്ദർശിച്ച് കൊടിയത്തൂർ പി.ടി.എം സ്കൂൾ വിദ്യാർഥികൾ

കൊടിയത്തൂർ: കടലിന്റെ മക്കളുടെ ജീവിതവും തൊഴിലും നേരിൽക്കണ്ടറിയാൻ സ്കൂൾവിദ്യാർഥികൾ മത്സ്യബന്ധന തൊഴിലാളികുടുംബങ്ങൾ സന്ദർശിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് നൈനാംവളപ്പിലാണ് കുട്ടികളെത്തിയത്.
വലനെയ്യുന്നതും മീൻ പിടിക്കുന്നതിന്റെ തന്ത്രങ്ങളും വിൽപ്പനയിൽ നേരിടുന്ന ചൂഷണവും കടലിലെ വെല്ലുവിളികളും അപായസാഹചര്യങ്ങളും ദുരിതപൂർണമായ ജീവിതത്തിന്റെ കഷ്ടപ്പാടുകളിലൂടെ തുഴഞ്ഞു മുന്നേറുന്നതുമെല്ലാം വിദ്യാർഥികൾക്ക് വേറിട്ട അനുഭവങ്ങളായി. പാർശ്വവത്കരിക്കപ്പെട്ട ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികളെ അടുത്തറിയാൻ നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന ‘കാടും കടലും’ പദ്ധതിയുടെ ഭാഗമായാണ് വൊളന്റിയർമാർ കടലോരം സന്ദർശിച്ചത്. മത്സ്യത്തൊഴിലാളികളുമായുള്ള അഭിമുഖത്തിൽ തെഴിലാളികളെ പ്രതിനിധാനം ചെയ്ത് പി.ടി മുഹമ്മദ് കോയ സംസാരിച്ചു.







