മുക്കം ടൌൺ നവീകരണം; ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച പ്രവർത്തി ഉദ്ഘാടനം ചെയ്തു

മുക്കം: 2019-20 സംസ്ഥാന ബജറ്റിൽ അനുവദിച്ച ഏഴര കോടി രൂപ ഉപയോഗിച്ച് ഒന്നാം ഘട്ട നവീകരണം പൂർത്തിയാക്കിയ മുക്കം ടൌൺ പ്രവർത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ മുക്കം മിനി പാർക്കിന് സമീപം നടന്ന ചടങ്ങിൽ മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായി.
മുക്കം ടൗണിന്റെ മുഖഛായ മാറ്റിക്കൊണ്ട് സംസ്ഥാനപാതയിൽ അഭിലാഷ് ജങ്ക്ഷൻ മുതൽ മുക്കം പാലം വരെ നാല് വരി പാത, ടൈൽ വിരിച്ച നടപ്പാത, തെരുവിളക്കുകളും കൈവരികളും, അഭിലാഷ് ജങ്ക്ഷൻ മുതൽ ആലിഞ്ചുവടു വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റോഡ്, ആലിഞ്ചുവടും പി.സി റോഡും ഇന്റർലോക്ക് വിരിച്ച നടപ്പാത, സിഗ്നൽ ലൈറ്റ്, പുൽത്തകിടി വിരിച്ച മീഡിയൻ, മിനി പാർക്ക് എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ചത്.
പൂർത്തീകരിച്ച പ്രവർത്തികളുടെ മേൽനോട്ടം മുക്കം നഗരസഭ ഏറ്റെടുക്കും. മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തി അവശേഷിക്കുന്ന നവീകരണ പദ്ധതികളും കാലതാമസം കൂടാതെ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, സിഗ്നി ദേവരാജൻ മാസ്റ്റർ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.






