മലയോര ഹൈവേ കണക്ടിംഗ് റോഡിന് കിഫ്ബി അനുമതി

കൂടരഞ്ഞി: മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിൽ മേലേ കൂമ്പാറ-അകമ്പുഴ-താഴെ കക്കാട് കണക്ടിംഗ് റോഡ് പി.ഡബ്ല്യു.ഡി ഡെപ്പോസിറ്റ് വർക്കായി ചെയ്യുന്നതിന് കിഫ്ബി അനുമതി ലഭിച്ചു. 6 മീറ്റർ വീതിയിൽ റോഡും 2 ചെറു പാലങ്ങളും ഉൾപ്പെടുത്തി 26.5 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുക. മലയോര ഹൈവേ അലൈൻമെന്റ് നിലവിലെ കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിലൂടെയാണ് കടന്നു പോകുന്നത്.
നേരത്തെ പ്രവൃത്തിയിൽ അകമ്പുഴ ഉൾപ്പെടുത്തിയ അലൈൻമെന്റാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കിഫ്ബിയുടെയടക്കം പിന്നീടുള്ള പരിശോധനയിൽ അകമ്പുഴ റൂട്ടിന്റെ ‘ഗ്രേഡിയന്റ്’ കിഫ്ബി സ്റ്റാൻഡേർഡ് അനുസരിച്ചല്ലെന്നും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാവാൻ ഇടയുള്ളതായും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അലൈൻമെന്റ് നിലവിലെ കൂമ്പാറ -കക്കാടംപൊയിൽ റൂട്ടിലേക്ക് മാറ്റുന്നതിന് തീരുമാനിക്കുകയായിരുന്നു. ഗതാഗത സൗകര്യം കുറഞ്ഞ അകമ്പുഴ ഭാഗേേത്തക്ക് ഗതാഗതം ഉറപ്പാക്കേണ്ടതുണ്ടതിനാലും പ്രദേശവാസികൾ പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയതും പരിഗണിച്ചാണ് ഇപ്പോൾ കണക്ടിംഗ് റോഡിന് കിഫ്ബി അനുമതി ലഭിച്ചിരിക്കുന്നതെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.







