കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡ് നിർമാണത്തിലെ അപാകത: പ്രതിഷേധം ശക്തം

മുക്കം: മുക്കം നഗരസഭയിലെ കുറ്റിപ്പാല–ചേന്ദമംഗലൂർ റോഡ് നിർമാണത്തിലെ അപാകതയ്ക്കെതിരെ പ്രതിഷേധം ശക്തം. ചേന്ദമംഗലൂർ ഭാഗത്ത് റോഡ് അരിക് കെട്ടാതെ ഉയർത്തിയതിലാണ് ഇപ്പോൾ പ്രതിഷേധം. ആദ്യഘട്ട ടാറിങ് ആരംഭിച്ചപ്പോൾ മിനി പഞ്ചാബ് ഭാഗത്ത് നാട്ടുകാർ റോഡ് പ്രവൃത്തി തടഞ്ഞിരുന്നു. പ്രദേശത്ത് ഇട റോഡിലെ ഒരു ഭാഗം ആവശ്യത്തിലധികം ഉയർത്തിയും മറുഭാഗം വേണ്ടത്ര ഉയർത്താത്ത നിലയിലുമാണുള്ളത്.
കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും പരിഹാരം കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെ റോഡ് പ്രവൃത്തി തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഓവുചാൽ പ്രവൃത്തി പൂർത്തീകരിച്ച കുറ്റിപ്പാല ഭാഗത്ത് അടുത്തദിവസം തന്നെ പൊളിഞ്ഞു വീണത് വിവാദമായിരുന്നു. പ്രവൃത്തി വിലയിരുത്തുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്നും സുതാര്യത ഉറപ്പു വരുത്തണമെന്നും ആവശ്യമുയരുകയാണ്.







