മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അത്യാധുനിക ടർഫ് മൈതാനം ഒരുങ്ങുന്നു

മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അത്യാധുനിക ടർഫ് മൈതാനം ഒരുങ്ങുന്നു. 120 മീറ്റർ നീളം, 70 മീറ്റർ വീതി, ഫിഫ മാനദണ്ഡപ്രകാരം അത്യാധുനിക രീതിയിലുള്ള നിർമാണം തുടങ്ങിയവയാണ് പ്രസ്തുത ടർഫിന്റെ പ്രത്യേകതകൾ. ദുബായ് കേന്ദ്രമായുള്ള ബി.ബി.എം സ്പോട്ട് കമ്പനിയുമായി സഹകരിച്ചാണ് മൂന്നുകോടിയോളം രൂപ ചെലവഴിച്ച് ഇലവൻസിന്റെ കൂറ്റൻ മൈതാനമൊരുങ്ങുന്നത്. സംസ്ഥാനത്തെ കാമ്പസുകളിലെ ഏറ്റവും വലിയ ടർഫ് മൈതാനമാണെന്നാണ് നിർമാണക്കമ്പനി അവകാശപ്പെടുന്നത്. 60 മില്ലിമീറ്റർ ഉയരവും ഉയർന്ന ഗുണനിലവാരവുമുള്ള അസ്റ്റോ ടർഫ് ഉപയോഗിച്ചാണ് നിർമാണം.
വിദേശത്തെ ഫുട്ബോൾ ആവേശവും സംസ്കാരവും കേരളത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈതാനം നിർമിക്കുന്നതെന്ന് ബി.ബി.എം സ്പോട്ട് കമ്പനി പറയുന്നു. പകൽ എം.എ.എം.ഒ കോളേജ് വിദ്യാർഥികൾക്കും രാത്രിയിൽ മറ്റു ക്ലബ്ബുകൾക്ക് നിശ്ചിതനിരക്ക് നിശ്ചയിച്ചും മൈതാനം വിട്ടുനൽകും. മണാശ്ശേരി-ചേന്ദമംഗലൂർ റോഡിനു സമീപം കോളേജിന് മുൻവശത്താണ് മൈതാനം നിർമിക്കുന്നത്. മൈതാനത്തിനുസമീപം പാർക്കിങ് സൗകര്യവുമുണ്ട്. മണാശ്ശേരി-ചുള്ളിക്കാപ്പറമ്പ് റോഡ് നവീകരണം പൂർത്തിയാകുന്നതോടെ മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ ടർഫ് മൈതാനത്തേക്കുള്ള യാത്ര സുഖകരമാകും. കെ.എം.സി.ടി, എൻ.ഐ.ടി ഉൾപ്പെടെയുള്ള കാമ്പസുകളിലെ കാൽപ്പന്ത് കളിക്കാർക്കും ടർഫ് ഉപകാരപ്രദമാകും.







