തിരുവമ്പാടി: വീട്ടുമുറ്റത്ത് നൂറുമേനി വിളയിച്ച് ആറാം ക്ലാസുകാരൻ

തിരുവമ്പാടി: കൃഷി വകുപ്പിന്റെ പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്കു കീഴിൽ വീട്ടുമുറ്റത്ത് കരനെൽ വിളയിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബഷീർ.

ഉമ എന്ന നെൽവിത്താണ് നട്ടുനനച്ച് വളർത്തി മികവ് കാട്ടിയത്. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന കൃഷിഭവൻ മുഖേന ലഭിച്ച ഉമ വിത്ത് വീട്ടുമുറ്റത്ത് കതിരണിഞ്ഞതിൽ ബഷീറിന്റെ മുഖത്ത് ഏറെ സന്തോഷം.
വിദ്യാർഥികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കൊണ്ട് ആരംഭിച്ച ‘പാഠം ഒന്ന് പാടത്തേക്ക് ‘ എന്ന പദ്ധതിയുടെ ഭാഗമായാണ് മുഹമ്മദ് ബഷീർ കരനെൽകൃഷി ആരംഭിച്ചത്. ഓമശേരി പുത്തൻവീട്ടു പൊയിൽ മുഹമ്മദ് സീനത്ത് ദമ്പതികളുടെ മകനാണ് ബഷീർ.
കൊയ്ത്തുത്സവം ഓമശേരി കൃഷി ഓഫീസർ സാജിദ് അഹമ്മദും ഹെഡ്മാസ്റ്റർ കെ.എം. സണ്ണിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകനായ ജെയിംസ് ജോഷിയും വിദ്യാർഥികളും ബഷീറിന്റെ മാതാപിതാക്കളും നാട്ടുകാരും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. വീട്ടുമുറ്റത്ത് വിജയകരമായി കൃഷി നടത്തിയ കുട്ടിക്കർഷകൻ അടുത്ത പ്രാവശ്യം വിപുലമായ കൃഷിക്ക് തയ്യാറെടുക്കുകയാണ്.







