Mukkam

കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ; നവീകരിച്ച റോഡ് തകരുന്നു

മുക്കം: കോടിക്കണക്കിന് രൂപ ചെലവിൽ നവീകരിച്ച മുക്കം നഗരസഭയിലെ മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡിന്റെ ടാറിങ് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെത്തുടർന്ന് പൊളിയുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയെങ്കിലും റോഡരികിൽ ടാറിങ്ങിന്റെ നിരപ്പിൽ മണ്ണിടാത്തതാണ് പോളിയാൻ കാരണമാകുന്നത്. ഭാരംകയറ്റിയ വാഹനങ്ങൾ റോഡരികിലൂടെ പോയതോടെ പലയിടത്തും ടാറിങ് പൊളിഞ്ഞ നിലയിലാണ്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡ് നാലുകോടി രൂപ ചെലവിൽ നവീകരിക്കാൻ നടപടി തുടങ്ങിയത്.

2020 നവംബറിലാണ് റോഡുനവീകരണം ആരംഭിച്ചത്. മാമ്പറ്റ മുതൽ വട്ടോളിപറമ്പ് വരെയുള്ള രണ്ടുകിലോമീറ്റർ ദൂരം ഒരുവർഷത്തിനകം നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ്ങും ഓവുചാലുകളും കലുങ്കുകളും ടൈൽ വിരിച്ച നടപ്പാതയും ഹാൻഡ് റെയിലും ഒരുക്കുന്നതായിരുന്നു പദ്ധതി. പ്രവർത്തി തുടങ്ങി രണ്ടരവർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കരാറുകാർക്കായിട്ടില്ല. രണ്ടരവർഷത്തിനിടെ പലതവണ കരാറുകാർ പ്രവൃത്തി നിർത്തിപ്പോയെങ്കിലും നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും തയ്യാറായില്ല. പലതവണയായി കരാറുകാർക്ക് സമയം നീട്ടിനൽകുകയായിരുന്നു.

കഴിഞ്ഞമാസം പതിനെട്ടിനാണ് റോഡ് ബി.സി ടാറിങ് നടത്തിയത്. പിന്നെ കരാറുകാർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കുണ്ടായാൽ താമരശ്ശേരി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. വലിയഭാരം വഹിച്ചുള്ള ടിപ്പർലോറികളും മറ്റും ഇതുവഴി കടന്നുപോകാൻ തുടങ്ങിയതോടെ റോഡരികിൽ മണ്ണിടാത്തത് റോഡിന് വലിയ ഭീഷണിയായി മാറുകയാണ്.

Related Articles

Leave a Reply

Back to top button