മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധം

തിരുവമ്പാടി: മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ നിരുത്തരവാദിത്തപരമായ നടപടിയാണെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നീതിയുക്തമായ നടപടി എടുക്കാതെ മുന്നോട്ടു പോയാൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്ന പ്രതിഷേധങ്ങൾക്ക് യൂത്ത് കോൺഗ്രസ് മുന്നോട്ടു വരുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. യു.സി അജ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അമൽ നെടുംകല്ലേൽ, ലിബിൻ മണ്ണുംപ്ലാക്കൽ, സക്കീർ മറിയംപുറം, ലിബിൻ പുന്നക്കൽ, എം വേണു, വിഷ്ണു അത്തിപ്പാറ, ലിബിൻ ബെൻ തുറുവേലിൽ, ഷമീർ എൻ എം തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം സംഭവത്തിൽ പോലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മാതാപിതാക്കളെ മർദിച്ച മകനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പിതാവ് മരിച്ചതിനെ തുടർന്ന് വകുപ്പുകൾ ചേർക്കാതെ അസ്വാഭാവിക മരണത്തിന് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയാണ് വിവാദമായിരിക്കുന്നത്. ഇത് പ്രതിയെ സഹായിക്കാനാണെന്നും ആരോപണം ഉയരുന്നുണ്ട്. പിതാവിന്റെ മരണശേഷം മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് സന്നദ്ധ സംഘടന ഏറ്റെടുക്കുകയാണുണ്ടായത്.







