തിരക്കിൽ വീർപ്പുമുട്ടി തുഷാരഗിരി; ഇന്നലെ സന്ദർശനത്തിനെത്തിയത് 2900 വിനോദസഞ്ചാരികൾ

കോടഞ്ചേരി: ദിനംപ്രതി ഉയരുന്ന വേനൽച്ചൂടിൽ നിന്ന് രക്ഷതേടി സഞ്ചാരികൾ എത്തിയപ്പോൾ തുഷാരഗിരി തിരക്കിൽ വീർപ്പുമുട്ടി. ഇന്നലെ മാത്രം ഇവിടെ എത്തിയത് 2900 സന്ദർശകരാണ്. പ്രവേശന ഫീസിനത്തിൽ മാത്രം ഇന്നലെ ലഭിച്ചത് 130000 രൂപയാണ്. വാഹനങ്ങളുടെ ബാഹുല്യം അല്പനേരം ഗതാഗതക്കുരുക്കിനിടയാക്കി. കാനനയാത്ര 3 മണിക്ക് അവസാനിപ്പിച്ചു. ചാലിപ്പുഴ വറ്റിയതോടെ വെള്ളച്ചാട്ടങ്ങൾ നിലച്ചെങ്കിലും സഞ്ചാരികൾ കുറയുന്നില്ല. ഒന്നാം വെള്ളച്ചാട്ടത്തിന് താഴെ പ്രകൃതിയൊരുക്കിയ തടാകത്തിൽ മുങ്ങിക്കുളിക്കാൻ സഞ്ചാരികളുടെ തിരക്കാണിപ്പോളും.
അവധിദിനങ്ങളിൽ തുഷാരഗിരിയിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ വേണ്ടത്ര ഗൈഡുകളും ജീവനക്കാരും ഇവിടെയില്ലാത്തതാണ് പ്രതിസന്ധി. വനസംരക്ഷണ സമിതിയുടെ കീഴിലുള്ള 15 പേർ വിവിധയിടങ്ങളിൽ നിലയുറപ്പിക്കുമ്പോൾ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് ഏരിയ എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാരുടെ കുറവുണ്ടാവുകയാണ്. പ്രദേശത്ത് കൂടുതൽ സ്ഥലം കണ്ടെത്തി പാർക്കിങ്ങിന് മതിയായ സൗകര്യമൊരുക്കണമെന്നും അടച്ചിട്ടിരിക്കുന്ന ഡി.ടി.പി.സിയുടെ ഹോട്ടൽ തുറന്നുപ്രവർത്തിക്കണമെന്നും വിനോദസഞ്ചാരികൾ ആവശ്യപ്പെടുന്നുണ്ട്.






