Mukkam
മണാശ്ശേരി ഗവഃ യു.പി സ്കൂളിലെ പുതിയ ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

മുക്കം: കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 1 കോടി രൂപ ചിലവിൽ മണാശ്ശേരി ഗവഃ യു.പി സ്കൂളിൽ നിർമിച്ച പതിനൊന്ന് ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി നാളെ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 മണിക്ക് ലിന്റോ ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, മുൻ എം.എൽ.എ ജോർജ് എം തോമസ് തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ സ്കൂളിലുള്ള പുതിയ രണ്ടുകെട്ടിടങ്ങളുടെ മുകളിലാണ് പതിനൊന്ന് ക്ലാസ് മുറികൾ നിർമിച്ചിരിക്കുന്നത്.
ക്ലാസ് മുറികളിലേക്ക് ആവശ്യമായ പ്രോജക്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ വൈകാതെ യാഥാർഥ്യമാക്കും. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം നിർമിക്കാൻ ലിന്റോ ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.






