ആനക്കാംപൊയിലിലെ ജനകീയാരോഗ്യകേന്ദ്രം; ചാരിറ്റബിൾ ട്രസ്റ്റ് ഭൂമി വിട്ടുനൽകി

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിലിൽ ജനകീയാരോഗ്യകേന്ദ്രത്തിനായി സ്വന്തം ഭൂമി ലഭ്യമായി. ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ആനക്കാംപൊയിൽ സൗഹൃദ കൂട്ടായ്മയാണ് 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. ആനക്കാംപൊയിൽ അങ്ങാടിയിൽ അരിപ്പാറ റോഡിലാണ് ജനകീയ ആരോഗ്യകേന്ദ്രം വരുന്നത്. ആദിവാസി കോളനികൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇവിടെ ആശുപത്രി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെയാണ്.
കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആനക്കാംപൊയിൽ, മുത്തപ്പൻപുഴ നിവാസികൾ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞ വർഷം അന്തരിച്ച റിട്ട.കേണൽ ജോസഫ് മടിക്കാങ്കൽ ട്രസ്റ്റിന് നൽകിയ 1.26 ഏക്കർ ഭൂമിയിൽ നിന്നാണ് ആരോഗ്യ കേന്ദ്രത്തിനായി ഭൂമിനൽകിയത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായ സ്ഥലത്തിന്റെ ആധാരം പൊന്നാങ്കയം ആരോഗ്യ കേന്ദ്രം ഉദ്ഘാടനച്ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.പി അസ്‌കർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിന് കൈമാറി.