തിരുവമ്പാടി സി.എച്ച് സെന്റർ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട തിരുവമ്പാടി സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ നാട്ടിലെ വിദ്യാർത്ഥികളുടെയും കലാകാരന്മാരുടെയും കലാപരിപാടികളോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സിൽവർ ജൂബിലി സാംസ്കാരിക സമ്മേളനം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുൻ പി.എസ്.സി ബോർഡ് മെമ്പറുമായ ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
സി.എച്ച് സെന്റർ പ്രസിഡന്റ് അബ്ദു കിളിയണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ കാസിം സി.എച്ച് സെന്ററിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. സെന്ററിന്റെ 25 വർഷത്തെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തന റിപ്പോർട്ട് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി മോയിൻ കാവുങ്ങൽ അവതരിപ്പിച്ചു. ചടങ്ങിൽ സെന്റർ പ്രസിഡന്റ് അബ്ദു കിളിയണ്ണി, ജനറൽ സെക്രട്ടറി മോയിൻ കാവുങ്ങൽ, മുഖ്യരക്ഷാധികാരി അബ്ദുസമദ് പേക്കാടൻ എന്നിവരെ സിൽവർ ജൂബിലി സ്വാഗതസംഘം കമ്മിറ്റി ആദരിച്ചു.
പ്രവാസി കൂട്ടായ്മ സ്കൂൾ കുട്ടികൾക്കായി നൽകിയ സ്കൂൾ കിറ്റുകൾ ചടങ്ങിൽ കൈമാറി. മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിജി ഇല്ലിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൗക്കത്തലി കൊല്ലത്തിൽ, കോയ പുതുവയൽ, അസ്കർ ചെറിയ അമ്പലത്ത്, സുനിൽ പി.എം, വാഹിദ് കപ്പലാട്ട്, ടി.എ അബ്ദുൽ മജീദ്, കുഞ്ഞുമോയിൻ ഹാജി കൊയിലാട്ട്, സറീന കിളിയണ്ണി, ലത്തീഫ് പേക്കാടൻ, റഷീദ് ഓമശ്ശേരി, സി.അബ്ദുസ്സലാം, ഫൈസൽ കെ.ടി, സിൽവർ ജൂബിലി സ്വാഗതസംഘം ചെയർമാൻ പി.എം മുജീബ് റഹ്മാൻ, ആക്ടിംഗ് സെക്രട്ടറി ഡോ.ഷബീർ കെ.ടി തുടങ്ങിയവർ സംസാരിച്ചു.






