Adivaram

ചുരത്തിൽ നിരീക്ഷണം ശക്തം; സംയുക്ത പരിശോധന തുടരും

അടിവാരം: താമരശ്ശേരി ചുരത്തിലെ നിയമലംഘനങ്ങൾക്ക് അറുതിവരുത്താൻ ലക്ഷ്യമിട്ട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സംയുക്തപരിശോധന തുടരുന്നു. ജൂൺ 7 മുതൽ ആരംഭിച്ച നിരീക്ഷണത്തിന്റെ ഭാഗമായി ഒട്ടേറെ നിയമലംഘനങ്ങൾ പിടികൂടിയതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിനും മാലിന്യം തള്ളലിനും ചെറിയതോതിലെങ്കിലും കുറവുണ്ടായതായാണ് കണക്കുകൂട്ടൽ. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, താമരശ്ശേരി ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്, ചുരം സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിൽ ചുരത്തിലെ ഗതാഗതക്കുരുക്കും മാലിന്യപ്രശ്നവും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംയുക്തപരിശോധന. ആദ്യ 2 ദിവസം 90 കേസുകൾ രജിസ്റ്റർചെയ്യുകയും 73000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. പരിശോധന തുടർന്നതോടെ കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായി.

കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ടീം ഇതിനകം 185 നിയമലംഘനങ്ങളിലായി 128000 രൂപയാണ് പിഴയായി ഈടാക്കിയത്. അടിവാരം ഔട്ട് പോസ്റ്റ് പോലീസ് പത്ത് നിയമലംഘനങ്ങളിൽ കേസെടുത്തപ്പോൾ ഹൈവേ പോലീസ് നാല്പതോളം കേസുകൾ രജിസ്റ്റർ ചെയ്തു. അനുവദനീയമല്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്തതിനാണ് ഏറെ പേർക്കും പിഴ ലഭിച്ചത്. ചുരം പാതയെ മാലിന്യമുക്തനായുള്ള പരിശോധനയ്ക്ക് പുതുപ്പാടി പഞ്ചായത്താണ് നേതൃത്വം നൽകുന്നത്. ഇതിനകം 12 കേസുകളിലായി 18000 രൂപയാണ് മാലിന്യം തള്ളലിന് പിഴ ഈടാക്കിയത്. സംയുക്ത ഡ്രൈവ് വരും ദിവസങ്ങളിലും ചുരം മേഖലയിൽ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Related Articles

Leave a Reply

Back to top button