Kodanchery
പനച്ചിക്കൽ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി

കോടഞ്ചേരി:1983ൽ മുറംപാത്തിയിൽ ചാലിപ്പുഴക്ക് കുറുകെ നിർമ്മിച്ച പനച്ചിക്കൽ പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്രളയകാലത്ത് പാലത്തിന്റെ മുകളിൽ വെള്ളം കയറുകയും കനത്ത മഴവെള്ളപ്പാച്ചിലിൽ മരം, കല്ലുകൾ തുടങ്ങിയവ പാലത്തിൽ വന്നിടിച്ച് പാലത്തിന്റെ കോൺക്രീറ്റ് അടർന്നുവീണ് അപകടാവസ്ഥയിൽ ആവുകയും ചെയ്തിരുന്നു.
നിർമ്മാണ സമയത്ത് നടപ്പാലം എന്ന രീതിയിൽ നിർമ്മിച്ച പാലത്തിലൂടെ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും കടന്നു പോകുന്നുണ്ട്. മുറംപാത്തി, തോട്ടുമുഴി, വലിയകൊല്ലി ഭാഗത്തുള്ളവർക്ക് ഓമശ്ശേരിയിലേക്കും സ്കൂൾ കുട്ടികൾക്ക് വേളങ്കോടും എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണ് പാലം. പാലത്തിന്റെ പുനർനിർമ്മിതിക്കായി എം.എൽ.എയ്ക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.







