മഴക്കാല രോഗ പ്രതിരോധം; കോടഞ്ചേരിയിൽ അവലോകനം നടത്തി

കോടഞ്ചേരി: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.തസ്നി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ തോമസ്, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിൽ നടന്നുവരുന്ന ഉറവിട നശീകരണവും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു. ഞായറാഴ്ചകളിൽ വീടുകളിൽ നടന്നുവരുന്ന കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുവാൻ തിരുമാനിച്ചു.
പ്രവർത്തനങ്ങളുടെ വാർഡ് തല ഏകോപനത്തിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ വാർഡ് ആർ.ആർ.ടി അംഗങ്ങൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ആവശ്യമായ പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. കൊതുക് വളരാൻ സാഹചര്യമൊരുക്കുന്ന വീട്ടുകാർക്കും തോട്ടമുടമകൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.







