കോവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികളുമായി പൊലീസും ആരോഗ്യവകുപ്പും മുക്കം നഗരസഭാ അധികൃതരും

മുക്കം: കോവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികളുമായി പൊലീസും ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും രംഗത്തെത്തി. നഗരസഭ പരിധിയ്ക്ക് പുറമേ കൊടിയത്തൂർ,കാരശ്ശേരി പഞ്ചായത്തുകളിലും ദിനം പ്രതി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജനമൈത്രി പൊലീസ് എസ്ഐ പി.അസൈന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് പരിശോധനകൾ ശക്തമാക്കിയത്.
മാസ്ക് ധരിക്കാത്തവരെയും ശരിയായ രീതിയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തവരെ കണ്ടെത്തുകയും മാണ്ലക്ഷ്യം. ബസ് സ്റ്റാൻഡുകൾ,മാളുകൾ, ആരാധനാലയങ്ങൾ,മാർക്കറ്റുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നഗരസഭയിലും കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലുമായി ഒട്ടേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഓരോ പഞ്ചായത്തിലും 25 ലേറെ രോഗികളാണുള്ളത്.മിക്കവരും സമ്പർക്കം വഴി രോഗം ബാധിച്ചവരാണ് . നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ ജനങ്ങളും ജാഗ്രതക്കുറവ് വരുത്തുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. സ്ഥിരം സമിതി അധ്യക്ഷ പ്രജിത പ്രദീപും ജനമൈത്രി പൊലീസിനൊപ്പം പരിശോധനയിൽ പങ്കെടുത്തു.







