കോടഞ്ചേരിയിൽ സ്ത്രീകൾക്കായി പരിശീലന പരിപാടി നടത്തി

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉള്ള സ്ത്രീകൾക്കായി ‘വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിറ്റ് പണമുണ്ടാക്കുന്ന വിധം’ എന്ന വിഷയത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾ, ഭക്ഷണശാലകൾ നടത്തുന്ന സ്ത്രീ സംരംഭകർ, അയൽ കൂട്ടങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ആബിദ റഷീദ് ക്ലാസുകൾ നയിച്ചു.
ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഹോംസ്റ്റേ സൗകര്യങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും സ്ത്രീകൾക്കും കുടുംബശ്രീ പ്രവര്‍ത്തകർക്കും ചെറുകിട സംരംഭകരായ ഭക്ഷണം വിതരണം ചെയ്യുന്ന സംഘങ്ങൾക്കുമായി മലബാർ റിവർ ഫെസ്റ്റിവൽ സംഘാടകരാണ് പരിപാടി സംഘടിപ്പിച്ചത്. മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇവരുടെ സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർ ലിസി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.







