Mukkam
പ്ലസ്വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം

മുക്കം : ബസ്സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന പ്ലസ്വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. കോളർ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്തെത്തിയ മുക്കം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ് മർദിച്ചത്. തലയ്ക്കും പുറത്തും സാരമായി പരിക്കേറ്റ വിദ്യാർഥി അഗസ്ത്യൻമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഇരുപതോളം വിദ്യാർഥികളായിരുന്നു മർദനമഴിച്ചുവിട്ടത്. സ്റ്റാൻഡിലുണ്ടായിരുന്ന ബസ് ജീവനക്കാർ ഇടപെട്ടാണ് വിദ്യാർഥിയെ രക്ഷിച്ചത്. പരാതിയിൽ സ്കൂൾ അധികൃതർ സീനിയർ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







