Puthuppady

പുതുപ്പാടിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിൽ കനലാട് ഫോറസ്റ്റ്‌ സെക്‌ഷൻ ഓഫീസിനോടുചേർന്നുള്ള പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കുളത്തങ്കൽ ജോജിയുടെ നൂറ്റമ്പതോളം റബ്ബർ തൈകളും, പനക്കൽ ബെന്നിയുടെ അഞ്ച്‌ തെങ്ങുമാണ് നശിപ്പിച്ചത്‌.
ജനവാസമേഖലയിൽ പകൽസമയം കാട്ടാനക്കൂട്ടമിറങ്ങുന്നത് ജനങ്ങളെ വളരെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. വൈത്തിരി മേഖലയിൽനിന്ന് കൂട്ടത്തോടെയെത്തുന്ന കാട്ടാനകളാണ് ഭീതിപരത്തുന്നത്.

മരുത്തിലാവ് പ്രദേശത്ത് ആന ഇറങ്ങിവരുന്ന ഫോറസ്റ്റിനുള്ളിലെ വഴി ഏകദേശം ഏഴുമീറ്ററോളംമാത്രം വീതിയുള്ളതാണെന്നും ഈഭാഗം അടച്ചാൽ വിഷയത്തിന് ശാശ്വതപരിഹാരമാകുമെന്നും നാട്ടുകാർ പറയുന്നു. വനംവകുപ്പ് ഇതിനുള്ള നടപടികൾ ഉടൻതന്നെ തയ്യാറാക്കണമെന്നാണ് അവരുടെ ആവശ്യം.

ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികൾ പ്രദേശം സന്ദർശിച്ചു. പ്രസിഡന്റ് നജു മുനീസ ശരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ, ബ്ലോക്ക് മെമ്പർ ബുഷറാ ഷാഫി, ഷംസീർ പോത്താറ്റിൽ, ആയിഷ ബീവി എന്നിവർ പ്രദേശം സന്ദർശിച്ച്‌ കാര്യങ്ങൾ വിലയിരുത്തി.

Related Articles

Leave a Reply

Back to top button