കർക്കിടക മാസ പൂജകൾക്കായി ശബരിമല വെള്ളിയാഴ്ച തുറക്കും; കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും

തിരുവനന്തപുരം: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. പിന്നീട് ഉപദേവത ക്ഷേത്ര നടകളും തുറക്കും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്നി പകരും.
17ന് പുലർച്ചെ മുതൽ മാത്രമേ മലകയറി ഭക്തർ ദർശനത്തിനായി എത്തിച്ചേരുകയുള്ളൂ. ഒരു ദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം നൽകിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമേ ഭക്തർക്ക് ഇക്കുറി ശബരിമല ദർശനത്തിന് എത്തിച്ചേരാൻ സാധിക്കൂ. മല കയറാൻ അനുമതി ലഭിച്ചവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സാക്ഷ്യപത്രം എന്നിവ കരുതണം.
നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, കലശാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിലും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
ശബരിമല കർക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോൾ കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കർക്കടക മാസപൂജ പ്രമാണിച്ച് ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്തർക്കും കെ എസ് ആർ ടി സി യാത്രാ സൗകര്യം ഒരുക്കും.
ഈ കാലയളവിൽ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് കെ എസ് ആർ ടി സി പ്രത്യേക സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര യൂണിറ്റ് ഓഫീസർമാർക്ക് ഇതിന്റെ ചുമതല നൽകിയിട്ടുണ്ട്. ഇതിന്റെ തയാറെടുപ്പുകൾക്കായിട്ട് ആവശ്യമായ ജീവനക്കാരേയും വിന്യസിച്ചു.
തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ജൂലൈ 16 മുതൽ പമ്പയിലും നിലക്കലിലും നടത്തുന്ന സർവ്വീസിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടി മൈക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിലക്കൽ- പമ്പ ചെയിൻ സർവീസിനായി 15 ബസുകളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കൂടുതൽ തീർത്ഥാടകർ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. കൂടാതെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് നടത്തും. കൂടാതെ കോട്ടയം എരുമേലി എന്നീ ഡിപ്പോകളിൽ നിന്നും ആവശ്യമെങ്കിൽ പമ്പയിലേക്ക് സർവീസുകൾ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.







