ജൽജീവൻ പദ്ധതി; ചെളിക്കുളമായി പള്ളിപ്പടി-ബഥാനിയ റോഡ്

തിരുവമ്പാടി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച പുല്ലൂരാംപാറ പള്ളിപ്പടി-ബഥാനിയ റോഡ് രണ്ടുമാസമായിട്ടും പ്രവൃത്തി നടത്താതെ ചെളിക്കുളമായി മാറി. റോഡിൽ വാഹനങ്ങൾ അകപ്പെടുന്നതും നിയന്ത്രണം വിടുന്നതും പതിവായിരിക്കുകയാണ്. കരിങ്കല്ലുകൾ കയറ്റിവന്ന ടോറസ് കഴിഞ്ഞ രണ്ടു ദിവസമായി ഗതാഗതതടസ്സം സൃഷ്ടിച്ച് റോഡിൽ കുടുങ്ങിക്കിടക്കുകയാണ്. നൂറുമീറ്ററോളം ദൂരത്തിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ടാറിങ്ങിനോട് ചേർന്ന കോൺക്രീറ്റ് വെട്ടിക്കീറിയാണ് കഴിഞ്ഞമാസം ഇവിടെ പൈപ്പിട്ടത്. മതിയായ അളവിൽ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാത്തതു മൂലമാണ് റോഡ് പൊടുന്നനെ തകരാനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ബഥാനിയ ധ്യാനകേന്ദ്രം, വിവിധ സ്കൂളുകൾ, മലബാർ സ്പോർട്‌സ് അക്കാദമി, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കായി നിത്യേന നൂറു കണക്കിനാളുകൾ ആശ്രയിക്കുന്ന റോഡാണ് അപകട ഭീഷണിയിലായത്. റോഡ് പൂർവസ്ഥിയിലാക്കാൻ അടിയന്തരനടപടി വേണമെന്ന് പ്രതിഷേധക്കൂട്ടായ്മ ആവശ്യപ്പെട്ടു. ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ച കൂട്ടായ്മയിൽ മാത്തുകുട്ടി പുളിക്കൽ, ജോബി മുരിങ്ങയിൽ, കുര്യാച്ചൻ വടക്കേടത്തിൽ, പുരുഷൻ നെല്ലുമൂട്ടിൽ, ബൈജു കളത്തൂർ തുടങ്ങിയവർ സംസാരിച്ചു. അധികൃതർക്ക് ഭീമഹർജി നൽകാൻ യോഗം തീരുമാനിച്ചു.