Kodiyathur

കൊടിയത്തൂരിൽ അനധികൃത മണൽക്കടത്ത് വ്യാപകം

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയുടെ വിവിധകടവുകളിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നു. പുഴ നശിക്കുന്നതോടൊപ്പം വൻതോതിലുള്ള പൊതുസ്വത്താണ് അനധികൃതമായി കടത്തുന്നത്. പക്ഷേ, തടയാൻ കർശന നടപടി ഉണ്ടാവുന്നില്ല. രാത്രിയിലാണ് ലോഡുകണക്കിന് മണൽ കയറ്റിക്കൊണ്ടുപോവുന്നത്. ഇടവഴിക്കടവ് തറമ്മൽ കടവിൽ പുതിയപാത നിർമിച്ചാണ് മണൽ കടത്തുന്നത്. ചെറുവാടിക്കടവ് ഉൾപ്പെടെയുള്ള കടവുകളിലും രാത്രിയുടെമറവിൽ വൻതോതിൽ മണൽ കടത്തുന്നുണ്ട്. രാത്രി പത്തുമണിക്ക്‌ ആരംഭിക്കുന്ന മണൽക്കടത്ത് പുലർച്ചെവരെ തുടരുമെന്ന് നാട്ടുകാർ പറയുന്നു. പരാതിയുയർന്ന സാഹചര്യത്തിൽ ഗ്രാമപ്പഞ്ചായത്തധികൃതർ, പോലീസ്, പഞ്ചായത്ത് ജൈവവൈവിധ്യ പരിസ്ഥിതി അംഗങ്ങൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു, വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ, പഞ്ചായത്തംഗം കരീം പഴങ്കൽ, മുക്കം എസ്.ഐ. ഷിബിൽ ജോസഫ്, ജൈവവൈവിധ്യ പരിസ്ഥിതിസമിതി അംഗം സി. ഫസൽ ബാബു എന്നിവരാണ് സ്ഥലത്ത് സന്ദർശനം നടത്തിയത്.
തറമ്മൽകടവിൽ പുതിയപാത നിർമിച്ച് മണൽ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇതിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. മണൽക്കടത്ത് തടയുന്നതിനായി കടവിലേക്കുള്ള റോഡ് തടസ്സപ്പെടുത്തും. പോലീസിന്റെ സഹായത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.

Related Articles

Leave a Reply

Back to top button