Mukkam

മുക്കം നഗരസഭയിൽ ചങ്ങാതി പദ്ധതിക്ക് തുടക്കം കുറിച്ചു

മുക്കം: അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കം കുറിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന ‘ചങ്ങാതി’ പദ്ധതിയുടെ ഭാഗമായാണ് അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നത്. നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും ഇതിൻ്റെ ഭാഗമായി സർവേ നടത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തും. ആദ്യഘട്ടത്തിൽ 1200 മറുനാടൻ തൊഴിലാളികളെയാണ് മലയാളം പഠിപ്പിക്കുക.

പദ്ധതിക്കായി മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാൻ അറിയുന്ന അധ്യാപകരെ കണ്ടെത്തി നിയമിക്കും. സർവേ നടത്തുന്ന വൊളന്റിയർമാർക്കും ഇൻസ്ട്രക്ടർമാർക്കും സാക്ഷരതാ മിഷന്‍റെ നേതൃത്വത്തിൽ പരിശീലനം നൽകും. ഡിസംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. 3 മാസത്തെ ക്ലാസിനു ശേഷം മാർച്ച് മൂന്നിന് പരീക്ഷ നടത്തി വിജയികൾക്ക് ഏപ്രിൽ ഒന്നിന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പദ്ധതിയുടെ സംഘാടക സമിതി രൂപവത്കരണ യോഗം മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.

നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി ചാന്ദ്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ പദ്ധതി വിശദീകരിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ സി.ടി രജിത, എക്സൈസ് ഓഫീസർ ഷഫീഖ് അലി, ഹെൽത്ത് ഇൻസ്പെക്ടർ പി.ടി അബ്ദുറഹിമാൻ, യൂത്ത് കോ-ഓർഡിനേറ്റർ ആതിര, സാക്ഷരതാ പ്രേരക് കെ.സി ജീജ, നോഡൽ പ്രേരക് പി.കെ സുജന്ധ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button