Mukkam
കുന്നത്ത് തൃക്കോവിൽ ക്ഷേത്രോത്സവം; വരവാഘോഷം നടന്നു

മുക്കം: കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ വരവാഘോഷം നടന്നു. വിവിധ ദേശങ്ങളിൽനിന്നുള്ള ആഘോഷവരവുകൾ മണാശ്ശേരിയിൽ സംഗമിച്ച് രാത്രി 10 മണിയോടെ ക്ഷേത്ര സന്നിധിയിലെത്തി. താലപ്പൊലിയും പഞ്ചവാദ്യവും ശിങ്കാരിമേളവും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തയ്യാറാക്കിയ നിശ്ചലദൃശ്യങ്ങളും പ്ലോട്ടുകളും കാഴ്ചക്കാർക്ക് വിസ്മയക്കാഴ്ചയൊരുക്കി.
ഉത്സവകമ്മിറ്റി ഭാരവാഹികളായ സുകുമാരൻ ഇരുൾകുന്നുമ്മൽ, എൻ ശൈലജ, പി ചന്ദ്രമോഹനൻ, രാമൻ ഇരട്ടങ്ങൽ, രവീന്ദ്രൻ പവിത്രം തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് വൈകീട്ട് നടക്കുന്ന രഥോത്സവത്തിൽ ദേവൻ രഥത്തിൽ പള്ളിവേട്ടയ്ക്ക് എഴുന്നള്ളും. 30 ടൺ ഭാരമുള്ള രഥം തെളിക്കാൻ ഭക്തർ ക്ഷേത്രസന്നിധിയിലെത്തും. നൂറോളം ദേവീ- ദേവൻമാരുടെ രൂപങ്ങളാണ് രഥത്തിൽ കൊത്തിയെടുത്തിട്ടുള്ളത്. ബുധനാഴ്ച വൈകീട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും.







