തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലെ സംഗമം അയൽക്കൂട്ടങ്ങളുടെ ദശവാർഷികാഘോഷത്തിന് തുടക്കമായി

കോടഞ്ചേരി: തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലെ സംഗമം അയൽകൂട്ടായ്മയുടെ ദശവാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. സുസ്ഥിര വികസനത്തിന് അയൽകൂട്ടപ്പെരുമ എന്ന പ്രമേയത്തിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ ഭൗതികവും ബൗദ്ധികവുമായ വികസനത്തിന് ഉപകാരപ്രദമായ ഒരുവർഷത്തോളം നീളുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി.
പ്രമുഖ സാമൂഹ്യ പ്രവർത്തകയും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ഷാഹിന മുഖ്യപ്രഭാഷണം നിർവഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് മെമ്പർ ഷാജി മുട്ടത്ത്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ സി.ടി. സുബൈർ, സംഘാടക സമിതി ചെയർമാൻ അഹമ്മദ് നസീഫ്, കോഓഡിനേറ്റർ ലിയാഖത്ത് മുറമ്പാത്തി, സംഗമം എക്സിക്യൂട്ടിവ് മെമ്പർ കെ.ആർ മുഹമ്മദ് ഹാരിസ് അരിമ്പ്ര തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ വർഷത്തിൽ പ്രവർത്തന മികവ് പുലർത്തിയ അയൽകൂട്ടത്തെ ആദരിച്ചു. സംഗമം എക്സിക്യൂട്ടിവ് മെമ്പറും സംരഭകയുമായ റിൻസി ജോൺസൺ നയിച്ച സംരംഭകത്വ ബോധവത്കരണ ക്ലാസിനുശേഷം കൂട്ടായ്മകളുടെ വിവിധ കലാപരിപാടികളും നടന്നു.







