മകന്റെയും ഉപ്പയുടെയും മുഖം അവസാനമായി ഒരുനോക്ക് കാണാനാവാതെ പ്രവാസി

താമരശ്ശേരി: എന്നും വീഡിയോകോളിലൂടെ ഉപ്പച്ചിയോട് സംസാരിക്കുന്ന പൊന്നുമകന്റെയും റബ്ബർടാപ്പ് തൊഴിലാളിയായിരുന്ന കാലത്ത് കുടുംബത്തെ പോറ്റിയ സ്നേഹനിധിയായ ബാപ്പ അലവിഹാജിയുടെയും മുഖം അവസാനമായി ഒരു നോക്ക് കാണാൻ പക്ഷേ, ജലീലിന് സാധിച്ചില്ല.
യാദൃച്ഛികമായി കഴിഞ്ഞദിവസം ഷാൾ കഴുത്തിൽക്കുരുങ്ങി മകൻ മുഹമ്മദ് ബാസിം മരിച്ചതും ആ കാഴ്ച കണ്ട് കുഴഞ്ഞുവീണ് ഹൃദ്രോഗിയായ വല്ല്യുപ്പ സി.എച്ച്. അലവിഹാജി മരിച്ചതും നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിലെ മുറിയിൽ കളിക്കുന്നതിനിടെയാണ് 12 വയസ്സുകാരൻ മുഹമ്മദ് ബാസിം കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചത്.
ഈ ദുരന്തമുണ്ടായ സമയത്ത് അൽ െഎനിലെ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ അൽഹയറിലുള്ള തൊഴിലാളി ക്വാർട്ടേഴ്സിൽ ഒന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബാസിമിന്റെ പിതാവ് അബ്ദുൾ ജലീൽ. ഗൾഫ് സമയം ഒമ്പതരയോടെ മുറിയ്ക്കകത്തെത്തി വിളിച്ചുണർത്തിയ ഗൾഫിലെ മലയാളി സുഹൃത്തുക്കൾ ആണ് ദുരന്തവാർത്ത അദ്ദേഹത്തെ അറിയിക്കുന്നത്.
ബാപ്പയുടെ നില ഗുരുതരമാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പതിയെ വേദനയോടെ രണ്ട് വിയോഗവും അറിയിക്കുകയായിരുന്നു. തൊഴിലുടമ കനിഞ്ഞെങ്കിലും കൊറോണ രോഗവ്യാപനത്തെത്തുടർന്നുള്ള ആശങ്കയുടെ പശ്ചാത്തലത്തിൽ വ്യോമാതിർത്തികൾ അടച്ചതോടെ നാട്ടിലെത്താൻ ജലീലിനും ഗൾഫിലുള്ള ജ്യേഷ്ഠൻ ഇഖ്ബാലിനും കഴിയാതെ പോയി.
മകന്റെയും ബാപ്പയുടെയും അന്ത്യകർമങ്ങൾക്കുപോലും സാക്ഷ്യംവഹിക്കാനാവാത്ത കൊറോണക്കാലത്തെ പഴിച്ച് ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ കിടന്ന് വിതുമ്പലടക്കുകയാണ് ഈ യുവാവ്.
അനാഥമായി ആ 90 രൂപ; നിറവേറ്റാനാവാത്ത വാഗ്ദാനം ഞാൻ ഓൺലൈനിൽ ഒരു മൊബൈൽ സ്റ്റാൻഡ് വാങ്ങുവേ… ഫാത്തിമ മൊബൈൽ ൈകയിൽ പിടിച്ച് വീഡിയോ എടുക്കുമ്പോൾ ഷേയ്ക്ക് ആവുന്നു… ന്റെ കൈയിൽ ഇപ്പോ ഒരു തൊണ്ണൂറു രൂപയുണ്ട്. ബാക്കി ഉപ്പച്ചി തന്നാൽ മതി -ബി ഫോർ ടെക്കി എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ പാഴ് വസ്തുക്കളിൽനിന്ന് പൂവുമുതൽ മാസ്ക് വരെ നിർമിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാറുള്ള ബാസിമിന്റെ അഭ്യർഥനയായിരുന്നു ഇത്.
കൊറോണക്കാലം കഴിയട്ടെ, മുഴുവൻ തുകയും ഉപ്പച്ചി അയയ്ക്കാം. ആ 90 രൂപ നീ തന്നെ െവച്ചോളൂ എന്നായിരുന്നു ജലീലിന്റെ മറുപടി. യൂ ട്യൂബ് ചാനലിനായി ഉപ്പച്ചിയുടെ പഴയ ലാപ്ടോപ്പും അവൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ രണ്ടു വാഗ്ദാനവും നിറവേറ്റപ്പെടാൻ ദുർവിധി അനുവദിച്ചില്ല.
കഴിഞ്ഞ അവധിക്കാലത്ത് ജലീൽ ഭാര്യയെയും മക്കളെയും താൻ പതിനൊന്ന് വർഷമായി ജോലിചെയ്യുന്ന യു.എ.ഇ.യിലേക്ക് കൊണ്ടുവന്നിരുന്നു. മൂന്നുമാസത്തിനുശേഷം, ഭാര്യ ഇളയ കുട്ടിയെ പ്രസവിക്കാനായ സമയത്താണ് അവർ നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് അബ്ദുൾ ജലീൽ അൽഐനിലേക്ക് തിരികെയെത്തുകയായിരുന്നു.
News From Mathrubhumi






