ദേശീയ ശാസ്ത്രദിനാഘോഷം: സ്കൂൾവിദ്യാർഥികൾ എൻ.ഐ.ടി കാംപസ് സന്ദർശിച്ചു
മുക്കം : ദേശീയ ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾവിദ്യാർഥികൾക്ക് എൻ.ഐ.ടി കാംപസ് സന്ദർശിക്കാൻ അവസരമൊരുക്കി എൻ.ഐ.ടി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2500-ലധികം വിദ്യാർഥികളാണ് ദേശീയ ശാസ്ത്രദിനത്തിൽ കാംപസ് സന്ദർശിച്ചത്. അൻപതിലധികം സ്കൂളുകളിൽനിന്നുള്ള ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളാണ് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതന കണ്ടുപിടിത്തങ്ങളുടെയും ലോകത്തെ കുറിച്ചറിയാൻ കാംപസിലേക്ക് എത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ 12 ഡിപ്പാർട്ട്‌മെൻറുകളിലെ വിദ്യാർഥികളും അധ്യാപകരും അവരുടെ കണ്ടുപിടിത്തങ്ങളും പ്രവർത്തനമാതൃകകളും പ്രദർശിപ്പിച്ചു.
എൻ.ഐ.ടി.സി ഡയറക്ടർ ഇൻ ചാർജ് പ്രൊഫ. ജെ. സുധാകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ ടി.ഡി. യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജി പ്രൊഫസറും സ്‌കിൽഫാവ്‌സ് ഡയറക്ടറുമായ ഡോ. ടി.പി സേതുമാധവൻ മുഖ്യാതിഥിയായിരുന്നു.
മാരായമംഗലം സ്കൂളിലെ ഇ.കെ. മുഹമ്മദ് റഫീഖ്, ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി അനലിസ്റ്റ് എം. സുബ്ബരാജ് എന്നിവർ ക്ലാസെടുത്തു. പ്രൊഫ .എം.കെ. രവിവർമ അധ്യക്ഷനായി. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി, ഐ.എസ്.ആർ.ഒ. മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം, പ്രൊഫ. എ. സുജിത്ത്, ഇന്നൊവേഷൻ കൗൺസിൽ പ്രസിഡൻറ്് ഡോ. എസ്. കുമാരവേൽ, കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. പരമേശ്വരൻ, ഡോ. യു.കെ. അബ്ദുന്നാസർ, യു.കെ. ഷജിൽ എന്നിവർ സംസാരിച്ചു.