Koodaranji
പ്രതിഭകളെ ആദരിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. എൽ.എസ്.എസ് യു.എസ്.എസ് നേടിയവർ, കലാ കായിക ശാസ്ത്ര രംഗങ്ങളിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെയാണ് ആദരിച്ചത്.
ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.എസ് രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, റോസിലി ജോസ്, മറ്റ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.







