Thiruvambady

മറിപ്പുഴയിൽ ജനവാസമേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മറിപ്പുഴയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വ്യാപകമായി കൃഷിനശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പീച്ചാപ്പിള്ളിൽ സുബിന്റെ വീട്ടുമുറ്റത്തെ തെങ്ങ് പിഴുതെടുത്തു. ഒട്ടേറെ വാഴകളും നശിപ്പിച്ചു. സമീപത്തെ കുന്നപ്പള്ളി ഡാജി, കാക്കിരിക്കുന്നേൽ ബേബി തുടങ്ങിയ കർഷകരുടെ വാഴകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

കൃഷിയിടമാകെ ചവിട്ടിമെതിച്ചനിലയിലാണ്. സമീപപ്രദേശമായ ആനക്കാംപൊയിൽ നടുക്കണ്ടത്ത് കഴിഞ്ഞദിവസം പുലി വളർത്തു പന്നിയെ കൊന്നു തിന്നിരുന്നു. വിനോദസഞ്ചാരകേന്ദ്രമായ മറിപ്പുഴയിൽ ഒട്ടേറെ റിസോർട്ടുകൾ ഉണ്ട്. ജനവാസമേഖലയിൽ വന്യമൃഗങ്ങളുടെ സാനിധ്യം മലയോരവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ ഉത്ഭവസ്ഥലമായ വെള്ളരിമലയുടെ താഴ്വാരത്താണ് മറിപ്പുഴ. നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്ന സ്ഥലം. വെള്ളരിമലയോട് ചേർന്നുകിടക്കുന്ന കനിയാട്, ഏലത്തോട്ടം വനമേഖലയിൽനിന്ന് ഇവിടേക്ക് കാട്ടാനയെത്താറുണ്ട്. സമീപപ്രദേശമായ മുത്തപ്പൻപുഴയിലും കാട്ടാനശല്യം രൂക്ഷമാണ്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിന് അധീനതയിലുള്ള ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് സെക്‌ഷന്റെ അധീനതയിലുള്ള പ്രദേശമാണിത്.

കോടഞ്ചേരി-തിരുവമ്പാടി പഞ്ചായത്ത് അതിർത്തിയിലെ കണ്ടപ്പൻചാൽമുതൽ കളരിക്കൽ, മുത്തപ്പൻപുഴ, മൈനാവളവ്, മറിപ്പുഴ ഭാഗങ്ങളിൽ സൗരോർജവേലി സ്ഥാപിക്കാനും കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കാനും അടിയന്തരനടപടി വേണമെന്ന് സ്ഥലം സന്ദർശിച്ച ഗ്രാമപ്പഞ്ചായത്തംഗം മഞ്ജു ഷിബിൻ, മുൻ അംഗം പൗളി മാത്യു എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button