ഡോക്ടർമാരുടെ കൂട്ട അവധി; കൂടരഞ്ഞി ആരോഗ്യകേന്ദ്രം തുറന്നില്ല; രോഗികൾ വലഞ്ഞു

കൂടരഞ്ഞി : ഡോക്ടർമാർ കൂട്ടമായി അവധിയെടുത്തതിനെത്തുടർന്ന് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം പ്രവർത്തനം മുടങ്ങി. മൊത്തം മൂന്ന് ഡോക്ടർമാരാണുള്ളത്. മെഡിക്കൽ ഓഫീസർ ദീർഘാവധിയിലാണ്. മറ്റു രണ്ടു ഡോക്ടർമാരും ലീവെടുത്തതിനെത്തുടർന്നാണ് ഞായറാഴ്ച ആശുപത്രി അടച്ചിടേണ്ടിവന്നത്. അവധിയെടുക്കുന്ന കാര്യം ഗ്രാമപ്പഞ്ചായത്ത് അധികൃതരെ നേരത്തേ അറിയിച്ചിരുന്നതായാണ് വിവരം. എന്നാൽ ആശുപത്രി പ്രവർത്തനം മുടങ്ങുന്നത് സംബന്ധിച്ച് പത്രങ്ങളിലൂടെയോ മറ്റോ പൊതു അറിയിപ്പുകൾ ലഭ്യമാക്കാൻ അധികൃരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇതാണ് രോഗികൾക്ക് വിനയായത്.
പൊതുഅവധിദിവസമായതിനാൽ പതിവിലധികം രോഗികളെത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും മുതിർന്നവരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് രാവിലെത്തന്നെ ആശുപത്രിയിലെത്തിയത്. അത്യാവശ്യക്കാർ അകലെയുള്ള സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. മലയോരമേഖലയിലെ നൂറ്ുകണക്കിനുവരുന്ന ആദിവാസി പിന്നാക്കവിഭാഗങ്ങൾ ഉൾപ്പെടെ സാധാരണക്കാരുടെ ഏക ആതുരാലയത്തിനാണ് നാഥനില്ലാത്ത അവസ്ഥയുണ്ടായത്. ഒരു മുന്നറിയിപ്പുമില്ലാതെ, പൊതുജനാരോഗ്യകേന്ദ്രം അടച്ചിടേണ്ടിവന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ചമുതൽ പതിവുപോലെ പ്രവർത്തിക്കുമെന്നറിയുന്നു.







