മുക്കം-കൂടരഞ്ഞി റോഡിൽ കനത്തമഴയിൽ മരങ്ങൾ വീണു

തിരുവമ്പാടി : കനത്തമഴയിൽ റോഡരികിലെ മരം വൈദ്യുതക്കമ്പിയിലേക്കു വീണ് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുക്കം-കൂടരഞ്ഞി റോഡിൽ താഴെ കൂടരഞ്ഞിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. റോഡരികിലെ പ്ലാവ് മറ്റൊരു മരത്തിനു മുകളിലൂടെ ഹൈടെൻഷൻ ഇലക്‌ട്രിക് ലൈനിനു മുകളിൽ വീണാണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്.
മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേന കെ.എസ്.ഇ.ബി. ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ ഒരുമണിക്കൂറോളം എടുത്താണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നീട് പട്ടോത്തും വൈദ്യുതലൈനിനു കുറുകെ വീണ കവുങ്ങ് സേനാംഗങ്ങൾ മുറിച്ചുമാറ്റി. മുക്കം കടവ് പാലത്തിനു സമീപം റോഡിലേക്കു മറിഞ്ഞുവീണ മുളങ്കൂട്ടവും മുറിച്ചുനീക്കിയാണ് അഗ്നിരക്ഷാസേന മടങ്ങിയത്.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ ഒ. അബ്ദുൽ ജലീൽ, ആർ. മിഥുൻ, കെ.പി. അജീഷ്, സനീഷ് പി. ചെറിയാൻ, എം. സുജിത്ത്, ചാക്കോ ജോസഫ്, പി.ആർ. മിഥുൻ എന്നിവരാണ് അഗ്നിരക്ഷാസംഘത്തിൽ ഉണ്ടായിരുന്നത്.