Mukkam

എൻ.ഐ.ടി.സി.യിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങി തൊഴിലാളികൾ

മുക്കം : എൻ.ഐ.ടി.സി.യിൽ ദീർഘകാലമായി ജോലിചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരേ അനിശ്ചിതകാല സമരത്തിനൊരുങ്ങി തൊഴിലാളികൾ. സെക്യൂരിറ്റി-ശുചീകരണ വിഭാഗങ്ങളിലെ തൊഴിലാളികളാണ് അനിശ്ചിതകാല പ്രത്യക്ഷസമരത്തിനൊരുങ്ങുന്നത്. എൻ.ഐ.ടി. അധികൃതർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്കു നീങ്ങാനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനം.

അതേസമയം, വിവിധ തസ്തികകളിൽ നിയമനം നേടുന്നതിന്, അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയവരെ എൻ.ഐ.ടി. കവാടത്തിൽ തടഞ്ഞ ജീവനക്കാരെ ചൊവ്വാഴ്ച ജോലിയിൽ പ്രവേശിപ്പിച്ചില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ കാംപസ് കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സെക്യൂരിറ്റി-ശുചീകരണ വിഭാഗത്തിലെ ഭൂരിഭാഗം തൊഴിലാളികളും ചൊവ്വാഴ്ച ജോലിയിൽ കയറിയിട്ടില്ല. ഡയറക്ടറുടെ വസതിയിലെയും രജിസ്ട്രാറുടെ വസതിയിലെയും ഏതാനും തൊഴിലാളികൾമാത്രമാണ് ചൊവ്വാഴ്ച ജോലിയിൽ പ്രവേശിച്ചതെന്നാണ് വിവരം.

രണ്ടുദിവസമായി ശുചീകരണത്തൊഴിലാളികൾ സമരരംഗത്തായതിനാൽ കാംപസിലെ ശുചീകരണപ്രവൃത്തികൾ താറുമാറായി. ഇതോടെ, കാംപസിലെ ഗ്രൂപ്പ് ഡി ജീവനക്കാരോട് ബുധനാഴ്ചമുതൽ കാംപസിലെ ശുചീകരണപ്രവൃത്തികളിൽ പങ്കാളിയാകാൻ രജിസ്ട്രാർ നിർദേശം നൽകിയതായാണ് വിവരം. ഓഫീസ് അറ്റൻഡന്റ്, സീനിയർ ഓഫീസ് അറ്റൻഡന്റ്, ജൂനിയർ അസിസ്റ്റൻറ് വിഭാഗത്തിലെ ജീവനക്കാർക്ക് ഇതുസംബന്ധിച്ച് നിർദേശം ലഭിച്ചതായാണ് സൂചന. മറ്റു വിഭാഗങ്ങളിലെ വിമുക്തഭടന്മാരോട് സെക്യൂരിറ്റി ജോലികളിൽ സഹായം നൽകാനും നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button