Thiruvambady

വൈദ്യുതി വിച്ഛേദിച്ചതിൽ തർക്കം; തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മൽ യു.സി

തിരുവമ്പാടി: കെ.എസ്.ഇ.ബി. ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാക്രമം. യൂത്ത് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡണ്ടും, തിരുവമ്പാടി സ്വദേശിയുമായ അജ്മൽ യു.സിയാണ് കെഎസ്ഇബി ഓഫീസിൽ കയറി എ.ഇയെ അടക്കം കൈയേറ്റം ചെയ്തത്. ഓഫീസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ അടക്കമുള്ളവ തല്ലിത്തകർക്കുകയും ചെയ്തു. ഇയാളെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു.

വൈദ്യുത ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. ഇതിനായി വീട്ടിൽ എത്തിയ ജീവനക്കാരെ ഇയാൾ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

വിഷയത്തിൽ ജീവനക്കാർ നൽകിയ പരാതിയിൽ ഇയാൾക്കെതിരേ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്ക് തർക്കങ്ങളാണ് അക്രമത്തിന് വഴിവെച്ചത്.

ശനിയാഴ്ച രാവിലെ 8 മണിയോടെ കെ.എസ്.ഇ.ബി. ഓഫീസിൽ എത്തി ഇയാൾ എ.ഇയെ കൈയേറ്റം ചെയ്തത്. വീട്ടിൽ നിന്ന് കൊണ്ടുവന്ന പഴകിയ കറി ഉദ്യോഗസ്ഥരുടെ ദേഹത്ത് ഒഴിച്ചു. ആക്രമണത്തിൽ പരിക്കേറ്റ തിരുവമ്പാടി എ.ഇ. പ്രശാന്തിനെ അടക്കമുള്ള ഉദ്യോഗസ്ഥരെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

അക്രമത്തിൽ നടപടിയെടുക്കാൻ വൈകിയതിൽ പ്രതീക്ഷിച്ച് കെഎസ്ഇബി പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Related Articles

Leave a Reply

Back to top button