വൈദ്യുതി ഓഫീസിനുനേരേയുണ്ടായ അതിക്രമം; പ്രതിഷേധവുമായി സംഘടനകൾ
തിരുവമ്പാടി : കെ.എസ്.ഇ.ബി. തിരുവമ്പാടി സെക്‌ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസി. എൻജിനിയർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആക്രമിക്കുകയും ഓഫീസിൽ വൻനാശനഷ്ടങ്ങൾ വരുത്തുകയുംചെയ്ത സംഭവത്തിൽ ബോർഡ് ജീവനക്കാരുടെ കൂറ്റൻ പ്രതിഷേധപ്രകടനം. തൊഴിൽസുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടും അക്രമ സംഭവങ്ങളിൽ കർശനനടപടികൾ ആവശ്യപ്പെട്ടുമാണ് ജീവനക്കാർ പ്രകടനം നടത്തിയത്. സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
ഐക്യദാർഢ്യവുമായി മലയോരമേഖലയിലെ മറ്റു സെക്‌ഷനുകളിൽനിന്നും ജീവനക്കാർ കൂട്ടമായെത്തി. വിശദീകരണ പൊതുയോഗവും നടന്നു. കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.ഇ.ഇ.സി (ഐ. എൻ.ടി.യു.സി.) ജില്ലാസെക്രട്ടറി കെ. സദാശിവൻ അധ്യക്ഷനായി. എം.എം. അബ്ദുൽ അക്ബർ (കെ.എസ്.ഇ.ബി. ഡബ്ല്യു. എ.സി.ഐ.ടി.യു.), കെ. മനോജ് (കെ.എസ്.ഇ.ബി.ഒ.എ.), സൂധീർകുമാർ (കെ.ഇ.ഡബ്ല്യു.എഫ്.-എ. ഐ.ടി.യു.സി.), എ. രമേശൻ (കെ.പി.ഡബ്ല്യു.സി.-ഐ.എൻ.ടി.യു.സി.), ഇ. മനോജ് (കെ.വി.എം.എസ്.-ബി.എം.എസ്.), മുകേഷ് (കോൺട്രാക്ട് വർക്കേഴ്‌സ് അസോസിയേഷൻ) തുടങ്ങിയവർ സംസാരിച്ചു.
വൈദ്യുതി കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഡിസ്‌കണക്ട് ചെയ്യാനെത്തിയെ ലൈൻമാനെയും സഹായിയെയും കൈയേറ്റം ചെയ്യുകയും വൈദ്യുതി ഓഫീസിൽ അതിക്രമിച്ചുകയറി അസി. എൻജിനിയർമാരെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് യു.സി. അജ്മൽ, സഹോദരൻ ഷഹദാദ് എന്നിവർ റിമാൻഡിലാണ്. സ്ഥിരമായി വൈദ്യുതി കുടിശ്ശികവരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാകുകയും രണ്ടുദിവസം തുടർച്ചയായി ഉദ്യോഗസ്ഥർക്കുനേരേ നടന്ന അക്രമസംഭവത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിലെ കണക്ഷൻ വിച്ഛേദിക്കാൻ ബോർഡ് ചെയർമാൻ ബിജു പ്രഭാകർ ഉത്തരവിട്ടത് വിവാദമായിരുന്നു. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം കെ.എസ്.ഇ.ബി. ലൈൻമാൻ പി. പ്രശാന്ത്, സഹായി എം.കെ. അനന്തു എന്നിവർ അപമര്യാദയായി പെരുമാറിയതായ പ്രതികളുടെ മാതാവ് മറിയം നൽകിയ പരാതിയിൽ തിരുവമ്പാടി പോലീസ് കേസെടുത്തു. പരാതി കെട്ടിച്ചമച്ചതാണെന്നും ഫ്യൂസ് റോഡരികിൽ ആയതിനാൽ വീട്ടിലേക്ക് പോകേണ്ടതായി വന്നിട്ടില്ലെന്നും കെ.എസ്.ഇ.ബി. ഉദ്വോഗസ്ഥർ പറഞ്ഞു.