Mukkam
മുക്കം നഗരസഭയിൽ സംസ്ഥാന സാക്ഷരതാ മിഷന്റെ ‘ചങ്ങാതി’പദ്ധതിക്ക് തുടക്കമായി
മുക്കം : അതിഥിത്തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്റെ ‘ചങ്ങാതി’ പദ്ധതി മുക്കം നഗരസഭയിൽ തുടങ്ങി. കോഴിക്കോട് ജില്ലയിൽ പൈലറ്റ് പ്രോജക്ടായിട്ടാണ് മുക്കത്ത് പദ്ധതി നടപ്പാക്കുന്നത്. 517 അതിഥിത്തൊഴിലാളികളാണ് മുക്കം നഗരസഭയിൽ വിവിധ കേന്ദ്രങ്ങളിലായി താമസിക്കുന്നത്. ഇവർ താമസിക്കുന്ന കേന്ദ്രത്തിലെത്തി മലയാളം പഠിപ്പിക്കുന്ന പദ്ധതിയാണ് ചങ്ങാതി.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദിനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ അധ്യക്ഷനായി. സാക്ഷരത ജില്ലാ കോഡിനേറ്റർ അനീഷ്, നോടൽ പ്രേരക് സുജന്ത, പ്രേരക് ജീജ, ഇൻസ്ട്രക്ടർമാരായ നാരായണൻ ബാബുരാജ്, ദിനേശ്, അസൈൻ, കുഞ്ഞിരായിൻ ബാബുരാജ്, രമണി എന്നിവർ സംസാരിച്ചു.