താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ ആറാംവളവിന് താഴെ എൺപത് അടിയോളം താഴ്ചയിലേക്ക് പതിച്ചു. പാടെതകർന്ന വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വയനാട് കമ്പളക്കാട് കോട്ടത്തറയിൽനിന്ന് ഈങ്ങാപ്പുഴ ഭാഗത്തേക്ക് പച്ച വാഴക്കുല കയറ്റി വരുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ആറാംവളവിൽ രണ്ട് ചരക്കുലോറികൾ ഇരുദിശകളിലും കടന്നുപോവാൻ ശ്രമിക്കുന്നതിനിടെ ആ ഭാഗത്ത് അല്പനേരം ഗതാഗതതടസ്സം നേരിട്ടിരുന്നു.
ഗതാഗതക്കുരുക്ക് അയഞ്ഞതിനെ തുടർന്ന് ലോഡുമായി പതിയെ ഡ്രൈവർ വാഹനം ചുരമിറക്കി ആറാംവളവിന് നടുവിലെത്തി. ഈ സമയം ഏറെ പിറകിൽനിന്ന് ചുരമിറങ്ങവേ ബ്രേയ്ക്ക് നഷ്ടമായതിനെത്തുടർന്ന് നിയന്ത്രണംവിട്ടെത്തിയ മറ്റൊരു പിക്കപ്പ് വാൻ വാഴക്കുല കയറ്റിവന്ന വാഹനത്തിന്റെ വലതുവശത്തായി ഇടിക്കുകയായിരുന്നു. ലോഡ് കയറ്റിയ വാഹനം ഇടിയുടെ ആഘാതത്തിൽ തെറിച്ച് വളവിലെ സംരക്ഷണഭിത്തിയ്ക്ക് മുകളിലൂടെ മൂന്നുനാലു തവണ മലക്കം മറിഞ്ഞ് താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്ന വാഴക്കുലയിൽ ചെറിയൊരു ഭാഗം റോഡിലേക്കും ചിതറിവീഴുകയും ചെയ്തു. ഏറെ താഴ്ചയിലേക്ക് പതിച്ച വാഹനത്തിന്റെ കാബിനൊഴികെയുള്ള ഭാഗം ഏതാണ്ട് പൂർണമായും തകർന്നു.
കാബിനിലുള്ളിലുണ്ടായിരുന്ന ഡ്രൈവർ കോട്ടത്തറ സ്വദേശി അഷ്‌റഫും സഹായി അസീസും താഴോട്ട് പതിച്ച വാഹനത്തിനുള്ളിൽ കുടുങ്ങിയെങ്കിലും ഗുരുതരപരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് ചുരത്തിലുണ്ടായിരുന്നവർ താഴോട്ട് എറിഞ്ഞുകൊടുത്ത കയറിൽ പിടിച്ചാണ് ഇരുവരും റോഡിന് മുകളിലേക്ക് കയറിയെത്തിയത്. താമരശ്ശേരി ഹൈവേ പോലീസും കല്പറ്റ ഫയർഫോഴ്‌സും ചുരംസംരക്ഷണ സമിതി പ്രവർത്തകരും പിന്നീട് സ്ഥലത്തെത്തി. പരിക്കേറ്റ ഇരുവരും ഈങ്ങാപ്പുഴയിലെ സ്വകാര്യആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അസീസിനേറ്റ പരിക്ക് നിസ്സാരമാണ്. തലയ്ക്കും ചുമലിനും ചെറിയ പരിക്കേറ്റ അഷ്‌റഫ് തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.