Mukkam
സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു

മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്കൂളിൽ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു. ‘വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും’ എന്ന പദ്ധതിയുടെ ഭാഗമായാണ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചത്.
കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി മുക്കം കൃഷിഭവൻ പച്ചക്കറിക്കൃഷിക്കാവശ്യമായ തൈകൾ വിദ്യാലത്തിന് സമ്മാനിച്ചു. തൈനടീൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി ഉദ്ഘാടനംചെയ്തു. പച്ചമുളക്, വെണ്ട, വഴുതന, തക്കാളി എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഉപജില്ലാ ജൂനിയർ സൂപ്രണ്ട് കെ.പി. സജീവ്, അധ്യാപകരായ പി.എം. ഷാനിൽ, പ്രഭുൽ വർഗീസ്, നിധിൻ ജോസ്, കെ.ജെ. ഷെല്ലി, സിന്ധു സഖറിയ വിദ്യാർഥിപ്രതിനിധി ഡിയോൺ ബിജു എന്നിവർ സംസാരിച്ചു.







