പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായാൽ സഞ്ചാരികൾക്ക് വിലക്ക്; മുന്നറിയിപ്പുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

കൂടരഞ്ഞി: പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായാൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതർ. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നായാടംപൊയിലിൽ അനിയന്ത്രിതമായ തിരക്കിലും വാനഹങ്ങളുടെ അലക്ഷ്യമായ പാർക്കിങ്ങിലും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. പരിമിതമായ സ്ഥല സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ചിട്ടയായി പാർക്ക് ചെയ്യുന്നതിനും സ്ഥലത്ത് ഉൾക്കൊള്ളാവുന്നത്ര വിനോദ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തി യാത്ര സുഖമമാക്കുന്നിനും എല്ലാ വിനോദ സഞ്ചാരികളും സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം കള്ളിപ്പാറയിൽ നടന്ന തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒഴിവ് ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും പ്രദേശം പോലീസ് നിയന്ത്രണത്തിലാക്കാൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ലഹരി ഉപയോഗത്തിന്റെ ഭാഗമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സഞ്ചാരികൾക്ക് ഏതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പരിധിയിലെ വിഷയങ്ങളിൽ വരും ദിവസങ്ങളിൽ ജനകീയ പങ്കാളിതത്തോടെ നിയന്ത്രണം കൊണ്ട് വരാനും പഞ്ചായത്ത് ആലോചിച്ചു വരുന്നുവെന്നും പ്രസിഡന്റ് അറിയിച്ചു.