Karassery

വീടൊരുക്കാൻ കൈത്താങ്ങായി മുക്കം അഗ്നിരക്ഷാ സേന

കാരശ്ശേരി: വീടൊരുക്കാൻ കൈത്താങ്ങായി മുക്കം അഗ്നിരക്ഷാ സേന. ലൈഫ് മിഷൻ ഭവനപദ്ധതിയിൽ അനുവദിച്ച വീട് നിർമിക്കുന്നതിനായി നിലവിലുള്ള പഴയ വീട് പൊളിച്ചു മാറ്റാൻ സഹായവുമായാണ് സേന രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ 25ഓളം സിവിൽ ഡിഫൻസ് വൊളന്റിയർമാരും ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് കാരമൂലയിലെ കാരാട്ട് കോളനിയിലെ ലീലയുടെ വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പഴയവീട് പൊളിച്ച് പുതിയ വീട് പണി തുടങ്ങാനുള്ള ഒരുക്കങ്ങൾ ചെയ്തത്.

പൊളിഞ്ഞു വീഴാറായ വീട്ടിൽ വർഷങ്ങളായി ലീല തനിച്ചാണ്. ഭർത്താവ് നേരത്തേ മരിച്ച ലീലയുടെ ഏക മകൾ ഭർത്തൃഗൃഹത്തിലാണ് താമസിക്കുന്നത്. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം.സി മനോജ്‌, കെ.ടി ജയേഷ്, നജ്മുദ്ദീൻ ഇല്ലത്തൊടി, വി.എം മിഥുൻ, ചാക്കോ ജോസഫ്, സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ ജാബിർ, ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ ആയിഷ മാവൂർ, ഷംസീർ മെട്രോ, റഹ്‌മത്തുന്നീസ, സിനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സേവനപ്രവൃത്തി നടത്തിയത്.

Related Articles

Leave a Reply

Back to top button