വീടില്ലാത്ത സഹപാഠികൾക്കായി കൈകോർത്ത് തോട്ടുമുക്കം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ മൈസൂർമല എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹൻദാസിനും കുടുംബത്തിനും വീടുവെക്കാൻ വിദ്യാർഥികളുടെ കൈത്താങ്ങ്. തോട്ടുമുക്കം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ സഹപാഠികളെ സഹായിക്കാൻ കൈകോർത്തത്. ഹൈസ്കൂൾ വിഭാഗം സഹപാഠികൾ അധ്യാപകരുമൊത്ത് പണം സമാഹരിച്ച് വീടുപണിയാൻ 750 സിമന്റ് കട്ടകൾ നൽകി. മലമുകളിലെ വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ ദൂരെ ഇറക്കിവെച്ച കല്ലുകൾ ഹയർ സെക്കൻഡറിയിലെ 50ഓളം എൻ.എസ്.എസ് വൊളന്റിയർമാർ കഠിനാധ്വാനത്തിലൂടെ ചുമന്നെത്തിക്കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസർ റോസ് മേരി, അനിതാ പി തോമസ്, ജെൻസി മാത്യു, വൊളന്റിയർമാരായ ദിവ്യ ബിനു, എമിൽ സാബു, എം.എസ് സിനാൻ, അമൽ കൃഷ്ണ പ്രകാശ്, എമിൽ ജോമോൻ അലീന ജെയിംസ്, കെ.പി അസ്ന തുടങ്ങിയവർ നേതൃത്വം നൽകി. തറപോലുമില്ലാതെ മറച്ചുകെട്ടിയ ഒറ്റമുറി ഷെഡിലാണ് മോഹൻദാസ്-ബിന്ദു ദമ്പതിമാരും 3 കുട്ടികളും അടങ്ങിയ അഞ്ചംഗ കുടുംബം ജീവിക്കുന്നത്. വീടും വീട്ടുനമ്പറും ഇല്ലാത്തതിനാൽ ഇവർക്ക് റേഷൻ കാർഡ് പോലുമില്ല. ഇവരുടെ ദുരിതമറിഞ്ഞാണ് സ്കൂളിലെ സഹപാഠികളും കൂട്ടുകാരും തങ്ങളാലാവുന്ന സഹായവുമായെത്തിയത്.







