നിർദിഷ്ട ചുരം ബൈപ്പാസ് റോഡ് കടന്നുപോവുന്ന പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ചു
അടിവാരം : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട നിർദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് -മരുതിലാവ്-തളിപ്പുഴ) റോഡ് കടന്നുപോവുന്ന പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ചു. ലിന്റോ ജോസഫ് എം.എൽ.എ., ടി. സിദ്ദിഖ് എം.എൽ.എ., കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തിരുവനന്തപുരം റീജണൽ ഓഫീസർ ബി.ടി. ശ്രീധര, പി.ഡബ്ല്യു.ഡി.(ദേശീയപാത വിഭാഗം) എക്‌സിക്യുട്ടീവ് എൻജിനിയർ കെ. വിനയരാജ്, അസിസ്റ്റൻറ്് എക്‌സിക്യുട്ടീവ് എൻജിനിയർ കെ. ജിൽജിത്ത്, അസിസ്റ്റൻറ്് എൻജിനിയർ സലീം എന്നിവരടങ്ങിയ സംഘമാണ് റോഡ് സന്ദർശിച്ചത്.
നിർദിഷ്ട ചുരം ബൈപ്പാസ് ആരംഭിക്കുന്ന കോഴിക്കോട് ചിപ്പിലിത്തോടുമുതൽ വയനാട് ജില്ലാഅതിർത്തിവരെ ലിന്റോ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിലും റോഡ് അവസാനിക്കുന്ന വയനാട് തളിപ്പുഴയിൽ ടി. സിദ്ദിഖ് എം.എൽ.എ., വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് എന്നിവരുടെ നേതൃത്വത്തിലുമാണ് ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തിയത്.
പദ്ധതിയുടെ സാങ്കേതികവശങ്ങൾ ജനപ്രതിനിധികളുമായി ചർച്ചചെയ്ത ഉദ്യോഗസ്ഥ സംഘം, തദ്ദേശതലങ്ങളിൽ നിന്നും ലഭ്യമാക്കേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നിർദേശം നൽകി. ചുരം ബൈപ്പാസ് റോഡിന്റെ പ്രായോഗികതയും സാധ്യതയും പരിശോധിക്കുമെന്നും ഇതിനായുള്ള വിദഗ്ധപരിശോധനയ്ക്ക് ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും ബി.ടി. ശ്രീധര അറിയിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാകേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ വേണ്ട ഇടപെടലുകൾ ചെയ്യുമെന്ന് എം.എൽ.എ.മാരായ ലിന്റോ ജോസഫും ടി. സിദ്ദിഖും ഉദ്യോഗസ്ഥസംഘത്തെ അറിയിച്ചു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ തോമസ്, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, ചുരം ബൈപ്പാസ് കർമസമിതി ഭാരവാഹികളായ വി.കെ. ഹുസൈൻകുട്ടി, ടി.ആർ. ഓമനക്കുട്ടൻ, കെ.സി. വേലായുധൻ, ഗിരീഷ് തേവള്ളി, ജോൺ പാറ്റാനി, എം.വൈ. മുഹമ്മദ് റാഷി, റെജി ജോസഫ്, വി.കെ. അഷ്‌റഫ്, ജസ്റ്റിൻ ജോസഫ്, സൈദ്, അഷ്‌റഫ്, വി.കെ മൊയ്തു മുട്ടായി, ഷാജഹാൻ, സിസി തോമസ്, പി.കെ. സുകുമാരൻ തുടങ്ങിയവർ സംഘത്തിനൊപ്പമുണ്ടായിരുന്നു.