മുക്കം സഹകരണബാങ്ക് തിരഞ്ഞെടുപ്പ് വോട്ടർമാർ പുറത്താവാൻ കാരണം മുൻ ഭരണസമിതി; അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി
മുക്കം : മുക്കം സഹകരണബാങ്കിൽ തിരഞ്ഞെടുപ്പുനടക്കാനിരിക്കെ വോട്ടർപട്ടികയിൽനിന്ന് മൂവായിരത്തി നാന്നൂറോളംപേർ പുറത്താവാൻ കാരണം മുൻ ഭരണസമിതിയെന്ന് അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി. അകാരണമായി ഒഴിവാക്കപ്പെട്ടെന്നാരോപിച്ച് കഴിഞ്ഞദിവസം ബാങ്കിലെ മുൻ യു.ഡി.എഫ്. ഭരണസമിതി പത്രസമ്മേളനം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി പത്രസമ്മേളനത്തിൽ പറഞ്ഞു.
2018 നവംബറിൽ നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ എ 15,565 മുതൽ 21,424 വരെയുള്ളവരുടെ അംഗത്വരജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്ന കാരണത്താൽ അംഗങ്ങൾക്ക് വോട്ടുചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് അധികാരത്തിൽവന്ന യു.ഡി.എഫ്. ഭരണസമിതി വ്യാജ അഡ്മിഷൻ രജിസ്റ്റർ തയ്യാറാക്കിയതാണെന്ന് കണ്ടെത്തിയതായും ഇവർ ആരോപിച്ചു.
2018 നവംബറിന് മുൻപ് മരണപ്പെട്ടവർ, മരണത്തീയതിയ്ക്കുശേഷം അഡ്മിഷൻ രജിസ്റ്ററിൽ ഒപ്പിട്ടതായി കണ്ടെത്തിയിട്ടുണ്ട്. മുൻ സെക്രട്ടറിമാരായ പി.ടി. ഉസ്സൻ, പി.പി. പങ്കജാക്ഷൻ തുടങ്ങിയവരുടെ വ്യാജസീൽ ഉപയോഗിച്ച് ഒപ്പിട്ടിട്ടുണ്ടെന്നും സഹകരണവകുപ്പ് അന്വേഷണത്തിൽ മുൻ സെക്രട്ടറിമാർ ഇത്തരത്തിൽ ഒപ്പുവെച്ചിട്ടില്ലെന്ന് മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് മൂവായിരത്തിലധികംപേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങൾ പറഞ്ഞു.
2013-ലെ ഹെഡ് ഓഫീസ് കെട്ടിടനിർമാണം, വിവിധസമയങ്ങളിലെ നിയമന അഴിമതി എന്നിവ സംബന്ധിച്ച് കണ്ണൂർ സഹകരണ വിജിലൻസും കോഴിക്കോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയും അന്വേഷണംനടത്തിവരുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.ടി. ബിനു, കെ.ടി. ശ്രീധരൻ, ദീപു പ്രേംനാഥ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.