Thiruvambady
കക്കാടംപൊയിലിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി

തിരുവമ്പാടി: കക്കാടംപൊയിലിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി. കക്കാടംപൊയിൽ അങ്ങാടിയിൽനിന്നും 500 മീറ്റർ അകലെ ഗീവർഗീസ് നഗറിലാണ് ഒറ്റയാൻ ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി 8.30നാണ് നാട്ടുകാർ ആനയെ കണ്ടത്. വനതിർത്തിയോട് ചേർന്ന സ്ഥലമാണെങ്കിലും ഈ ഭാഗത്ത് ആദ്യമായാണ് ആനയിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവ സമയം ക്രിസ്തുമസ് കരോൾ നടക്കുന്നതിനാൽ ധാരാളംപേർ രാത്രി മേഖലയിൽ തമ്പടിച്ചിരുന്നു. ഇതിനിടെ കാട്ടാന എത്തിയത് ജനത്തെ പരിഭ്രാന്തരാക്കിയെങ്കിലും വലിയ ശബ്ദം പുറപ്പെടുവിച്ചു അകറ്റുകയായിരുന്നു. കഴിഞ്ഞ മാസം കോനൂർകണ്ടിയിൽ കാട്ടാനകൾ ഇറങ്ങി ഒട്ടേറെ വാഹനങ്ങൾ തകർക്കുകയും പീടികപ്പാറ, തേനരുവി ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.







