KeralaKozhikode

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ച ഇരുവരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ യാത്ര ചെയ്തവര്‍

കോ​ഴി​ക്കോ​ട്: കേരളത്തില്‍ ര​ണ്ട് ഹൗ​സ് സ​ര്‍​ജ​ന്മാ​ര്‍​ക്ക് കോ​വി​ഡ് രോഗം സ്ഥിരീകരിച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൗ​സ് സ​ര്‍​ജ​ന്മാ​ര്‍​ക്കാ​ണ് കോ​വി​ഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.  കഴിഞ്ഞ മാസം ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലായിരുന്നു.

പത്ത് പേര്‍ അടങ്ങുന്ന സംഘമായിരുന്നു വിനോദയാത്ര പോയത്. തിരികേ എത്തിയതിന് ശേഷം ഒന്‍പതു പേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാര്‍ഡിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം കോഴിക്കോട്ടെ വീട്ടില്‍ മറ്റ് ഏഴുപേര്‍ കൂടി താമസിച്ചിരുന്നു. ഇവരെ വീണ്ടും നിരീക്ഷണത്തിലാക്കി. പരീക്ഷ പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് 15 -ാം തീയതിയാണ് ഹൗസ് സര്‍ജന്‍സി പരീശീലനം ആരംഭിച്ചത്.

ഹൗസ് സര്‍ജന്‍സി തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്രീനിങ് ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികളെ പരിശോധിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ആരെങ്കിലുമായി ഇടപഴകിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

അതെസമയം സംസ്ഥാനത്ത് ഇനിയും ജാഗ്രത തുടരേണ്ടതുണ്ട് എന്ന വസ്തുതയാണ് ഇന്നലെയും ഇന്നുമായി സ്ഥിരീകരിച്ച കൊവിഡ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത്. രോഗമുക്തി നേടിയവരെക്കാള്‍ കൂടുതല്‍ പോസീറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൂടാതെ പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 62 കാരിക്ക് 42 ദിവസമായിട്ടും അസുഖം മാറിയിട്ടില്ല എന്നതും ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. ഇതുവരെ പരിശോധിച്ച ഇവരുടെ 20 സാമ്ബിളുകളില്‍ 19 എണ്ണവും പോസിറ്റീവാണ്. ഒരു ഫലം മാത്രമാണ് നെഗറ്റീവ് ആയി വന്നത്.

Related Articles

Leave a Reply

Back to top button