പുല്ലൂരാംപാറയിലെ കെഎസ്ആർടിസി ബസ് അപകടത്തിലെ സർക്കാർ ഇടപെടലുകളെ കുറിച്ച് സംസാരിച്ച് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്

തിരുവമ്പാടി : പുല്ലൂരാംപാറയിലെ കെഎസ്ആർടിസി ബസ് അപകടത്തിലെ സർക്കാർ ഇടപെടലുകളെ കുറിച്ച് സംസാരിച്ച് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്. തിരുവമ്പാടി ന്യൂസിന് കൊടുത്തിട്ടുള്ള അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ സംസാരിച്ചത്.
നിയമസഭ നടന്നുകൊണ്ടിരിക്കുകയാണ് കാളിയാമ്പുഴയിലെ അപകടത്തെക്കുറിച്ച് അദ്ദേഹം അറിയുന്നത്. ഉടൻതന്നെ മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയും ആവശ്യമായ പ്രാഥമികമായ ആലോചനകൾ എടുക്കുകയും ചെയ്തു. അത്യാവശ്യമായ സഹായങ്ങൾ ചെയ്യാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു എന്നാണ് എം.എൽ.എ പറഞ്ഞത്.
മരണപ്പെട്ട കമല, ത്രേസ്യാമ്മ എന്നിവരുടെ കുടുംബങ്ങളെ പാസഞ്ചേഴ്സ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ നൽകാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. അപകടത്തിലായ രോഗികളുടെ മുഴുവൻ ചിലവുകളും കെഎസ്ആർടിസി തന്നെ വഹിക്കും എന്ന തീരുമാനവും നിലവിൽ വന്നിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ നാളെ (10 -10-2024 വ്യാഴാഴ്ച) കൂടുന്ന ക്യാബിനറ്റിൽ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചേർന്ന് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപകടം സംഭവിച്ചവരെയും കുടുംബത്തെയും സന്ദർശിച്ചിട്ടുണ്ടെന്നും അവർക്ക് ആശ്വാസകരമായ രീതിയിലുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ രോഗികൾ തന്നെയാണ് സ്വന്തം ചിലവുകൾ വഹിക്കുന്നത് എന്ന കാര്യം തനിക്ക് വ്യക്തമല്ല എന്നും, കെഎംസിടി, ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ എന്നിവയാണ് താൻ സന്ദർശിച്ചതെന്നും അവിടെ തന്റെ ഇടപെടലിലൂടെ ചികിത്സാ ചിലവുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി.
അപകടകാരണം പത്ര മാധ്യമങ്ങളിൽ വന്ന അറിവേ ഉള്ളൂ എന്നും, വേണ്ടവിധത്തിൽ വിശദമായി അന്വേഷിച്ച് ആർക്കെങ്കിലും എതിരെ അനാസ്ഥ ഉണ്ടെങ്കിൽ അവർക്കെതിരെ കുറ്റകരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയോര മേഖലയായതിനാൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് ഒരു മാറ്റം ലഭ്യമല്ലെങ്കിലും ഘട്ടം ഘട്ടമായി ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണും എന്നും, ഇതിനായി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടിയിൽ നിന്ന് ആരംഭിച്ച അരിപ്പുഴ വരെയുള്ള 17 കിലോമീറ്റർ ദൂരം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ഈ റോഡിനു വേണ്ടി നൽകിയിട്ടുണ്ട്. അതിവേഗതിയിലാണ് ഇതിന്റെ പണി നടക്കുന്നത് ഊരാൻകല്ല് ലേബർ സൊസൈറ്റി കരാറെടുത്താണ് ഇത് ചെയ്യുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് അതിന്റെ പ്രവർത്തി ഉദ്ഘാടനം കഴിഞ്ഞത്.
അതിൽ നാല് പാലങ്ങളാണ് ഉള്ളത് ഇരുമ്പുകം, കാളിയാമ്പുഴ, ആനക്കയം, മുത്തളം. നാലുപാലങ്ങളും കാലപ്പഴക്കം കൊണ്ട് ശോചനീയാവസ്ഥ നേരിടുന്നതാണ് ഈ നാല് പാലങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.