ബഥാനിയയിൽ 101 ദിവസത്തെ അഖണ്ഡ ജപമാല സമർപ്പണം സമാപിച്ചു

തിരുവമ്പാടി: പുല്ലൂരാമ്പാറ താമരശ്ശേരി രൂപതയുടെ ബഥാനിയ ധ്യാനകേന്ദ്രത്തിൽ 101 ദിവസങ്ങളിലായി നടന്ന അഖണ്ഡ ജപമാല സമർപ്പണത്തിന് സമാപനമായി. ജപമാല മന്ത്രങ്ങളാൽ മുഖരിതമായ ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കാളികളായി.
കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും ലോക സമാധാനത്തിനുമായി പ്രാർത്ഥനകളിൽ നിരവധി ആളുകളാണ് പങ്കാളികളായത്. സമാപന ദിനമായ നൂറാം ദിവസത്തിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച ജപമാല റാലിക്ക് വൈകുന്നേരം 6.30-ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി.
തുടർന്നുണ്ടായ വിശുദ്ധ കുർബാനയിൽ പുല്ലൂരാംപാറ വികാരി സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യകാർമികനായി. സമാപന ദിവസത്തെ ദിവ്യബലിയിൽ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇതോടനുബന്ധിച്ചു നടത്തപ്പെട്ടു. ബഥാനിയ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ, അസി. ഡയറക്ടർ ഫാ. ജോർജ് കരിന്തോളിൽ എന്നിവർ നേതൃത്വം വഹിച്ചു.