ആശങ്കകൾ വിതച്ചു തിരുവമ്പാടി അഗസ്ത്യാമുഴി റോഡിലെ കലുങ്ക് നിർമാണം

തിരുവമ്പാടി : ലോക്ക് ഡൗൺ മൂലം അനിശ്ചിതത്വത്തിലായ നിർദ്ദിഷ്ട അഗസ്ത്യാമുഴി കൈതപ്പോയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി തിരുവമ്പാടി പി എച്ച് സി ജംഗ്ഷനിൽ തോട് ഒഴുകുന്ന ഭാഗം മണ്ണിട്ടു നികത്തിയ നിലയിലാണുള്ളത്.
മഴക്കാലത്ത് വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടാറുള്ള സ്ഥലത്ത് തോടുകൂടി മണ്ണിട്ട് നികത്തിയതോടെ കൃഷികൾ നശിക്കുവാനും വീടുകളിൽ വെള്ളം കയറുവാനുമുള്ള സാധ്യത കൂടുതലാണ്.
പണി പൂർത്തിയാക്കാതെയും, ഇരുവശവും സംരക്ഷണ ഭിത്തികൾ ഇല്ലാതെയും, നിലവിലെ ടാറിങും തകർച്ചാഭീഷണിയിലാണ് ഉള്ളത്.
കാലാവർഷം എത്തുന്നതിനു മുമ്പ് തന്നെ അടിയന്തരമായി വേണ്ട നടപടികൾ കൈക്കൊണ്ട് കൃഷിനാശം തടയുന്നതിനും പ്രദേശവാസികൾ നേരിടുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് കേരള കർഷക സംഘം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട അധികാരികൾ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നേരിടേണ്ടിവരിക വൻ നാശനഷ്ടങ്ങൾ ആയിരിക്കും.
ഏപ്രിൽ 20നു ശേഷം പ്രവർത്തികൾ പുനരാരംഭിക്കുമെന്ന് സ്ഥലം എംഎൽഎ ജോർജ് എം തോമസ് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും പ്രവർത്തികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.
കേരള കർഷക സംഘം ഏരിയ സെക്രട്ടറി സി.എൻ.പുരുഷോത്തമൻ, ജോ.സെക്രട്ടറി ഗണേഷ് ബാബു, മേഖലാ സെക്രട്ടറി സജി ഫിലിപ്പ് , പ്രസിഡണ്ട് മുഹമ്മദ് കാളിയേടത്ത്, ട്രഷറർ ജിബിൻ പി ജെ എന്നിവർ സ്ഥലം സന്ദർശിച്ചു.








