മലയാളിക്ക് പാട്ടിന്റെ പാലാഴി സമ്മാനിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അനന്യസാധാരണമായ വൃത്തശില്‍പ്പവും, ശൈലി സൗകുമാര്യവും സമന്വയിപ്പിക്കുന്ന മഹനീയ രചനാവൈഭവത്തോടെ ദേവ സംഗീതത്തിന്റെ ചന്ദന സുഗന്ധമായ് , അനുവാചക മനസ്സുകളെ മയീല്‍പ്പീലി സ്പര്‍ശത്താല്‍ തൊട്ടുണര്‍ത്തിയ മലയാളത്തിന്റെ അ്ക്ഷരപുണ്യമായിരുന്നു രമേശന്‍ നായര്‍
ദാര്‍ശനികതയുടെ കതിര്‍ക്കനമുള്ള കവിതകളോടൊപ്പം, സൗന്ദര്യാത്മകത നിഴലിക്കുന്ന നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങളും കൈരളിക്ക് സമ്മാനിച്ചു. അതുല്യനായ സാഹിത്യ ആചാര്യന്റെ തൂലിക തുമ്പില്‍ ജന്മംകൊണ്ടത് സര്‍വ്വഭക്തി ഭാവങ്ങളെയും അനുഭവവേദ്യമാക്കുന്ന 3500 ലധികം ഭക്തിഗാനങ്ങള്‍.
ഭാരതീയ സാംസ്‌കാരിക പൈത്യകത്തെ ധന്യവും ദീപ്തവുമാക്കുന്നതാണ് ഓരോ വരികളും കൃതികളും. ഗുരുവെന്ന മഹാ ചൈതന്യത്തിന്റെ സ്വാധീനമുള്‍കൊണ്ട് വരും നുറ്റാണ്ടുകള്‍ക്കായി പകര്‍ന്നിട്ട കാവ്യാമൃതം, ഗുരു പൗര്‍ണ്ണമിയും,വൈജ്ഞാനിക വിവര്‍ത്തന കൃതികളും ഇതിന് ദൃഷ്ടാന്തമാണ്.
കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌ക്കാരം, ആശാന്‍ പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു.’ശതാഭിഷേകം’ എന്ന നാടകം എഴുതി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി കെ കരുണാകരണ്‍ ആന്തമാനിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചപ്പോള്‍ ജോലി രാജിവെച്ചത് സാംസ്‌ക്കാരിക രംഗത്ത് വിവാദമായിരുന്നു
1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശന്‍ നായര്‍ പ്രവേശിക്കുന്നത്.
ഹൃദയവീണ, പാമ്പാട്ടി, ഉര്‍വ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികള്‍. തിരുക്കുറല്‍, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവര്‍ത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
തൃശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്.







