ജനവാസമേഖലയിലെത്തിയ കാട്ടുപോത്തുകളെ തുരത്തി

പുതുപ്പാടി : പുതുപ്പാടി പെരുമ്പള്ളിക്ക് സമീപം ടി.ആർ. എസ്റ്റേറ്റിനോട് ചേർന്ന ജനവാസമേഖലയിലേക്ക് കാട്ടുപോത്തുകളെത്തി. തിങ്കളാഴ്ച രാവിലെയാണ് കൊളമലയോട് ചേർന്ന വനഭാഗത്ത് നിന്ന് കാടിറങ്ങിയ രണ്ട് കാട്ടുപോത്തുകൾ പൂലോട് വഴി പെരുമ്പള്ളിയിലെ ജനവാസമേഖലയിലേക്കെത്തിയത്.
ചമൽ-തലയാട് റോഡിന് അരികിലെ തോട്ടഭൂമിയിലൂടെ സഞ്ചരിക്കുന്ന കാട്ടുപോത്തുകളുടെ വിദൂരദൃശ്യം പ്രദേശവാസികൾ മൊബൈലിൽ പകർത്തുകയും അത് സമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പുതുപ്പാടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ സെക്‌ഷനിലെ വനപാലകരും, താമരശ്ശേരി വനംവകുപ്പ് ദ്രുതകർമസേനാംഗങ്ങളും സ്ഥലത്തെത്തി. വനപാലകരെത്തുമ്പോൾ കൊളമലയിലെ ക്രഷറിന് സമീപത്തെ റബ്ബർ എസ്റ്റേറ്റിലായിരുന്നു കാട്ടുപോത്തുകൾ. ഇവയെ വനപാലകസംഘം ഉച്ചയോടെ തുരത്തി കൊളമലയോട് ചേർന്ന വനഭാഗത്തേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.







