ചെറുവാടിക്ക് ഉത്സവലഹരി പകർന്ന് ചാലിയാർ ജലോത്സവം

കൊടിയത്തൂർ : ചാലിയാറിന്റെ ജലപ്പരപ്പിനെ കീറിമുറിച്ചുകൊണ്ട് മത്സരവള്ളങ്ങൾ ആരവം മുഴക്കി കുതിച്ചു പാഞ്ഞപ്പോൾ ഇരുകരകളിലും തിങ്ങിക്കൂടിയ ജനാവലിയുടെ മനസ്സുകളിൽ ആവേശത്തിരകൾ അലയടിച്ചുയർന്നു.
റിപ്പബ്ലിക് ദിനത്തിൽ ചാലിയാറിൽ അരങ്ങേറിയ ജലോത്സവം നാടിനാകെ ഉത്സവലഹരി പകർന്നു. ചെറുവാടി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചാലിയാർ ജലോത്സവം ചെറുവാടി കടവിലായിരുന്നു. ജലോത്സവത്തിന് കൊഴുപ്പേകാൻ നിസാം ചേറ്റൂരിന്റെ നേതൃത്വത്തിൽ ചാലിയാർ ചലഞ്ചും (ഓഫ് റോഡ് റെയ്സിങ് ) രാവിലെ മുതൽ സ്റ്റേജിൽ സുറുമി വയനാടിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കൂടിയായപ്പോൾ കാണികൾക്ക് ജലോത്സവം വിഭവസമൃദ്ധമായ വിരുന്നായി. ഓഫ് റോഡ് റെയ്സിങ് ചലഞ്ചിൽ 70-ഓളം റൈഡേഴ്സ് ടീമുകൾ പങ്കെടുത്തു.
പുഴയുടെ ഇരുകരകളിലുമായി സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് ആസ്വാദകരായി തടിച്ചുകൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 13 ടീമുകൾ പങ്കെടുത്തു. ചെറുവാടി മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു . ജലോത്സവം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡൻറ് താജുദ്ധീൻ കുറുവാടങ്ങൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അലവി അരിയിൽ, ബ്ളോക് പഞ്ചായത്തംഗം കെ.പി. സൂഫിയാൻ, ജനകീയ കൂട്ടായ്മ സെക്രട്ടറി ജമാൽ ചെറുവാടി, ഇ.കെ. റാഷിദ്, ഗ്രാമപ്പഞ്ചായത്തംഗം ആയിഷ ചേലപ്പുറത്ത് , കെ.വി. അബ്ദുറഹിമാൻ, അഷ്‌റഫ് കൊള്ളക്കാടൻ, മമ്മദ് കുട്ടി കുറുവാ ടങ്ങൽ, അസീസ് കുന്നത്ത്, കെ.വി. അബ്ദുസലാം, ബച്ചു ചെറുവാടി, ഉസ്മാൻ ചെറുവാടി എന്നിവർ സംസാരിച്ചു. സമാപന സമ്മേളത്തിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുക്കം പോലീസ് ഇൻസ്പെക്ടർ അർഷദ്, അഗ്നിരക്ഷാനിലയം ഓഫീസർ എം. അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു .